തെലുങ്കാന; അദാനിക്കേസുമായി തനിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കി മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി. തന്റെ ഭരണകാലത്ത് സോളാര്‍ വൈദ്യുതി ഇടപാടില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം തീര്‍ത്തും വ്യാജമാണ്. 2019 ല്‍ മുഖ്യമന്ത്രിയായതിനു ശേഷം ഒന്നിലധികം പ്രമുഖ ബിസിനസ്സ് എക്‌സിക്യൂട്ടീവുകളെ കണ്ടിട്ടുണ്ട്. അതിലൊരാള്‍ ഗൗതം അദാനിയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അദാനി ഗ്രൂപ്പ് എക്സിക്യൂട്ടീവുകളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് തെളിവുകളൊന്നും നല്‍കിയിട്ടില്ലെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരങ്ങള്‍.
തന്റെ ഭരണത്തില്‍ കോടികള്‍ കൈക്കൂലി നല്‍കിയിട്ടില്ല. ഭരണകാലത്ത് പലതവണ അദാനിയെ കണ്ടിരുന്നു. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ മാത്രമായിരുന്നു അത്. അദാനിക്കേസും ഞാനുമായി എന്തൊക്കെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നാലും അതെല്ലാം കേട്ടുകേള്‍വി മാത്രമാണ്. ആര് എന്ത് പറഞ്ഞാലും ഗൗതം അദാനി എന്നെ കണ്ടുവെന്നതൊഴിച്ചാല്‍ എവിടെയും എന്റെ പേര് എവിടെയും പരാമര്‍ശിച്ചിട്ടില്ല.
ആരെങ്കിലും ആന്ധ്രാപ്രദേശില്‍ വന്ന് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ മുഖ്യമന്ത്രിയെ കാണുന്നത് സ്വഭാവികമാണ്. 2021 ഓഗസ്റ്റില്‍ ഗൗതം അദാനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡുമായി ഒപ്പിട്ട കരാറുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.