CrimeNews

ലൈംഗിക പീഡനം: മുകേഷിനെതിരെ തെളിവുണ്ടെന്ന് കുറ്റപത്രം

തിരുവനന്തപുരം: കൊല്ലം എംഎൽഎയും നടനുമായ എം. മുകേഷിനെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സാഹചര്യ തെളിവുകളും ഡിജിറ്റൽ തെളിവുകളും സമാഹരിച്ചുവെന്ന് എസ്.ഐ.ടി കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.

മുകേഷും നടിയും തമ്മിലുള്ള ഇമെയില്‍ സംഭാഷണങ്ങള്‍, വാട്ട്സ്ആപ്പ് സംഭാഷണങ്ങള്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകളും. ഇവർ ഒരുമിച്ച് സഞ്ചരിച്ചതിൻ്റെയും ഇരുവരെയും ഒരുമിച്ച് കണ്ടതിൻ്റെ സാക്ഷിമൊഴികളുമാണ് സാഹചര്യ തെളിവുകളുമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മരട് പോലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.

കുറ്റപത്രം സമർപ്പിക്കപ്പെട്ടതിന് ശേഷം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുമോ എന്നുള്ളതാണ് ഇനി രാഷ്ട്രീയ കേരളം ചർച്ചയാക്കുന്നത്. താരസംഘടനയായ അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നാണ് പരാതി. അഞ്ച് മാസം നീണ്ട അന്വേഷണത്തിന് എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്.

2011 ൽ തൃശൂർ വാഴാനിക്കാവിൽ വെച്ച് നടന്ന ഒരു സംഭവത്തിൽ ആലുവാ സ്വദേശിയായ നടി നൽകിയ പരാതിയിൽ മുകേഷ് അറസ്റ്റിലായിരുന്നു. മുൻകൂർ ജാമ്യം നേടിയതിനാൽ ജയിലിൽ കഴിയേണ്ടി വന്നില്ല.

2011 ൽ വാഴാനിക്കാവിൽ ഒരു സിനിമാ ചിത്രീകരണ സമയത്ത് ഒരു ഹോട്ടൽ മുറിയിൽ വെച്ച് നടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. അടുത്തിടെയാണ് സംഭവത്തിൽ യുവതി പരാതി നൽകിയത്. തുടർന്ന് വടക്കാഞ്ചേരി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ പരാതി ഉൾപ്പെടെ സിനിമാ മേഖലയിൽ നിന്നുള്ള പരാതികൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം എത്തി.

Leave a Reply

Your email address will not be published. Required fields are marked *