Kerala Government News

ജീവനക്കാരുടെ ക്ഷേമപെൻഷൻ തട്ടിപ്പ്: വിശദീകരിക്കേണ്ടത് കെ.എൻ. ബാലഗോപാൽ

സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ സുരക്ഷ പെൻഷൻ 1458 സർക്കാർ ജീവനക്കാർ കൈപ്പറ്റുന്നുവെന്ന വെളിപ്പെടുത്തലിൽ സംശയങ്ങൾ തുടരുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വാർത്താ കുറിപ്പിലൂടെയാണ് ഇത്തരമൊരു തട്ടിപ്പ് പുറത്തുവന്നത്. സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞവർക്കാണ് ക്ഷേമ പെൻഷൻ നൽകുന്നത്.

സർക്കാർ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം ആകട്ടെ 56 വയസും. പിന്നെങ്ങനെ ഇവർക്ക് ക്ഷേമ പെൻഷൻ ലഭിച്ചു എന്ന് വിശദീകരിക്കേണ്ടത് കെ. എൻ. ബാലഗോപാൽ തന്നെയാണ്. ക്ഷേമ പെൻഷൻകാർ എല്ലാ വർഷവും മസ്റ്റർ ചെയ്യണം എന്ന് നിർബന്ധമാണ്. മസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പെൻഷൻ തുടർന്ന് ലഭിക്കൂ. എന്നിട്ടും എങ്ങനെ ഈ വീഴ്ച സംഭവിച്ചുവെന്ന് സർക്കാർ നിലവിൽ വിശദീകരിക്കുന്നില്ല.

ലാസ്റ്റ് ഗ്രേഡ്, ക്ലറിക്കൽ ജീവനക്കാരാണ് ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. പ്രായപരിധിബാധകമാവാത്ത പെൻഷൻ മുൻപ് വാങ്ങിയിരുന്നവർ സർക്കാർ ജോലിയിൽ സ്ഥിരപ്പെട്ടശേഷമോ ജോലികിട്ടിയശേഷമോ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിൽ തുടർന്നതാവാം തട്ടിപ്പിലേക്കു നയിച്ചതെന്നാണ് നിഗമനം. പഞ്ചായത്ത് തലത്തിൽ ഗുണഭോക്താക്കളെ ചേർത്തതിലും വീഴ്ച്ചകൾ സംഭവിച്ചോ എന്ന് വ്യക്തമാകേണ്ടതുണ്ട്.

സർക്കാർ കോളേജിൽ പഠിപ്പിക്കുന്ന രണ്ട് അസി. പ്രൊഫസർമാരും മൂന്നു ഹയർ സെക്കൻഡറി അധ്യാപകരുമൊക്കെ പെൻഷൻ വാങ്ങിയവരിൽ ഉൾപ്പെടും. പട്ടികയിലുള്ള ഭൂരിപക്ഷംപേരും ഇപ്പോൾ സർവീസിലുള്ളവരാണ്. കുറ്റക്കാർക്കെതിരേ കർശനനടപടിയെടുക്കാനും അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശസഹിതം തിരിച്ചുപിടിക്കാനും മന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശിച്ചു.

പ്രതിമാസം മാസം 1600 രൂപയാണ് നിലവിൽ ക്ഷേമപെൻഷൻ. അനർഹരായ 1458 പേർക്ക് നൽകുമ്പോൾ സർക്കാരിന് മാസം നഷ്ടം 23 ലക്ഷം രൂപയോളം രൂപയാണ്. ക്ഷേമപെൻഷനിൽ അഞ്ചുവിഭാഗങ്ങളുണ്ട്. വാർധക്യ പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ, ഭിന്നശേഷി, വിധവ, അവിവാഹിത പെൻഷൻ. ഇതിൽ ഭിന്നശേഷി, വിധവ പെൻഷന് പ്രായപരിധി ബാധകമല്ല. 50 കഴിഞ്ഞ അവിവാഹിതകൾക്ക് പെൻഷന് അപേക്ഷിക്കാം. വാർധക്യ-കർഷകത്തൊഴിലാളി പെൻഷന് 60 വയസ്സ് കഴിഞ്ഞാൽ അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *