സർക്കാർ ഓഫീസുകളില്‍ കോവിഡിന്റെ പേരിൽ ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണം സ്വന്തം വകുപ്പിന് ബാധകമല്ല. 2020 മുതൽ ആരംഭിച്ച ധനോപയോഗ നിയന്ത്രണം ഒരു വർഷത്തേക്ക് കൂടി നീട്ടി ഈമാസം ഉത്തരവ് ഇറക്കിയിരുന്നു.
ഈ ഉത്തരവ് അനുസരിച്ച് സർക്കാർ ഓഫീസ് മോടി പിടിപ്പിക്കൽ, വാഹനം വാങ്ങൽ എന്നിവയ്ക്ക് വിലക്കുണ്ട്. ഉത്തരവ് ഇറക്കിയതിന്റെ പിറ്റേ ആഴ്ച സ്വന്തം വകുപ്പായ ധനവകുപ്പിൽ 2 പുതിയ വാഹനം വാങ്ങാൻ 28.70 ലക്ഷം രൂപ അനുവദിച്ചിരിക്കുകയാണ് കെ.എൻ. ബാലഗോപാൽ.
2 സ്കോർപിയോ കാറുകള്‍ ആണ് വാങ്ങുന്നത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായി തുക അനുവദിച്ചത് നവംബർ 25 നാണ്. ട്രഷറി നിയന്ത്രണത്തിൽ ഇളവു ഉള്ളതു കൊണ്ട് വാഹനം വാങ്ങാൻ പണം ഉടൻ ലഭിക്കും. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ 5 ലക്ഷം രൂപക്ക് മുകളിൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. 5 ലക്ഷത്തിന് മുകളിലുള്ള തുക മാറാൻ ധനവകുപ്പിന്റെ മുൻകൂർ അനുമതി വേണം.
അതേസമയം, സെക്രട്ടേറിയറ്റിലെ ധനവകുപ്പ് ഓഫീസ് ഉൾപ്പെടെയുള്ളവ മോടിപിടിപ്പിക്കലും പെയിന്റടികളും ഒക്കെ തകൃതിയാണ്. നിർമ്മാണ തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ പോലും ഏർപ്പെടുത്താതെയാണ് വളരെ ഉയരത്തിലുള്ള പെയിൻ്റിങ് വർക്കുകള്‍ പോലും നടക്കുന്നത് എന്നകാര്യം മലയാളം മീഡിയ ലൈവ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.