ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെക്കുറിച്ച് അറിയാനും അതനുസരിച്ചുള്ള പരിരക്ഷ നൽകുന്നതിനും ഗർഭകാലത്ത് ഓരോ ഘട്ടത്തിലും വിവിധ സ്കാനിങുകൾ നടത്തും. ഏതൊക്കെ സ്കാനിങുകളാണ് ഗർഭകാലത്ത് നടത്തുന്നതെന്ന് നോക്കാം..
വയബിലിറ്റി സ്കാൻ (Viability Scan)
ഗർഭാവസ്ഥ ഉറപ്പിച്ചതിന് ശേഷം ആറ് ആഴ്ച മുതൽ ചെയ്യുന്ന ആദ്യ സ്കാൻ വളരെ നിർണായകമാണ്. ഭ്രൂണം ഗർഭപാത്രത്തിൽ സുരക്ഷിതമാണോയെന്ന് അറിയാനും ഹൃദയമിടിപ്പ് ഉറപ്പുവരുത്തുവാനും സഹായിക്കുന്നതാണ് വയബിലിറ്റി സ്കാൻ. ചിലരിൽ ഭ്രൂണം ഗർഭാശയത്തിനു പുറത്തു പറ്റിച്ചേർന്നു വളരുന്ന എക്റ്റൊപിക് പ്രഗ്നൻസി (Ectopic Pregnancy) അഥവാ ഗർഭാശയേതര ഗർഭത്തിനും സാധ്യതയുണ്ട്. ഫലോപ്പിയൻ ട്യൂബുകളിലാണ് ഗർഭമെങ്കിൽ അവ പൊട്ടുകയോ വിച്ഛേദിക്കപ്പെടുകയോ ചെയ്യുന്നതിലൂടെ ആന്തരിക രക്തസ്രാവത്തിനുള്ള സാധ്യത വളരെ കൂടുതലായതിനാൽ ആറ് ആഴ്ച ചെയ്യുന്ന വയബിലിറ്റി സ്കാൻ നിർബന്ധമായും ചെയ്യണം.
നിർണായകമായ എൻടി സ്കാൻ (Nuchal Translucency Scan 11 – 13 ആഴ്ച, ആറു ദിവസം) ഭ്രൂണത്തിന്റെ സ്ഥാനവും ഹൃദയമിടിപ്പും തീർച്ചപ്പെടുത്തുന്ന ആദ്യ സ്കാനിങ്ങിനെക്കാളും പ്രാധാന്യമേറിയതാണ് പിന്നിടുള്ളവ.
- ഉദരത്തിൽ പിറവിയെടുത്ത കുഞ്ഞിന് അംഗവൈകല്യങ്ങളില്ലെന്ന് (Major Fetal Abnormality) 60 ശതമാനത്തോളം കൃത്യതയോടെ കണ്ടെത്താൻ ഈ ആഴ്ചയിലെ സ്കാൻ സഹായിക്കുന്നു.
- അനിപ്ലോയിഡ് സ്ക്രീനിങ് (Aneuploidy Screening) അല്ലെങ്കിൽ ഡൗൺസിൻഡ്രോം സ്ക്രീനിങ്. ഡൗൺ സിൻഡ്രോം സ്ക്രീനിങ് വളരെ ഗൗരവമേറിയതാണ്. ജനിച്ചുവീഴുന്ന കുട്ടികളിൽ എഴുന്നൂറിൽ ഒരാൾക്ക് ഡൗൺ സിൻഡ്രോം ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. ഡൗൺ സിൻഡ്രോം ഉള്ള കുട്ടികൾക്ക് മാനസികവളർച്ചയും ശാരീരികവളർച്ചയും സാധാരണപോലെ ഉണ്ടാവുകയില്ല. കണ്ണുകൾക്കുതാഴെ പ്രത്യേക രീതിയിൽ തൂങ്ങിയ ത്വക്കും വലുതും വീങ്ങിയതും മുന്നിലേക്കു തുറിച്ചതുമായ നാവും ചെറിയ ശരീരവുമൊക്കെയാണ് ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികളുടെ ലക്ഷണങ്ങൾ. മുപ്പത്തിയഞ്ച് വയസ്സിനു മുകളിൽ പ്രായമുള്ളവർ ഗർഭം ധരിക്കുമ്പോൾ ഡൗൺ ഡിൻഡ്രോമിനു സാധ്യത വളരെ കൂടുതലാണ്. പ്രായം കുറഞ്ഞ സ്ത്രീകൾ പോലും ജനിതക വൈകല്യങ്ങളുള്ള കുട്ടികളെ പ്രസവിക്കാൻ സാധ്യതയുള്ളതിനാൽ എൻടി സ്കാനും ഡൗൺ ഡിൻഡ്രോം സ്ക്രീനിങ്ങും നിർബന്ധമാണ്.
- ഈ കാലയളവിൽ ചെയ്യുന്ന പ്രഗ്നൻസി ഡേറ്റിങ്ങാണ് മറ്റൊരു പ്രധാന സ്കാനിങ്ങ്. ഭ്രൂണത്തിന്റെ വളർച്ചയെ പരിശോധിച്ച് പ്രസവ തീയതി കണക്കാക്കുന്നതിനു ഡേറ്റിങ് സ്കാൻ ചെയ്യുന്നു. ഈ തീയതിയെ അടിസ്ഥാനമാക്കിയാണ് ഭ്രൂണത്തിനു വളർച്ച കുറവാണോ കുടുതലാണോ എന്നു പിന്നീടുള്ള സ്കാനിൽ കണ്ടെത്താൻ കഴിയും
- ഡൗൺ സിൻഡ്രോം സ്ക്രീനിങ്ങിന്റെ ഫലം പോസിറ്റീവായാൽ, കുടുംബത്തിൽ ഡൗൺ സിൻഡ്രോമുള്ള കുട്ടികളുണ്ടെങ്കിൽ ഗർഭസ്ഥ ശിശുവിനു ക്രോമസോം തകരാറുകളില്ലെന്ന് തീർച്ച വരുത്തുവാൻ കോറിയോണിക്ക് വില്ലസ് സാംപ്ലിങ് (Chorionic Villus Sampling) പതിനാലാമത്തെ ആഴ്ച വരെ ചെയ്യാം. സിവിഎസ് പരിശോധനയ്ക്ക് എടുക്കുന്ന സാംപിൾ റാപിഡ് ഫിഷ് ടെക്നോളജി വഴി 72 മണിക്കൂറിനുള്ളിൽ കുട്ടിയുടെ ക്രോമസോം അറിയാവുന്നതാണ്. സാങ്കേതിക മേന്മയുള്ള ഈ പരിശോധനയിലൂടെ ഡൗൺ സിൻഡ്രോമില്ലെന്ന് ഉറപ്പു വരുത്താം.