ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ. സുരേന്ദ്രൻ അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന വാർത്തകള്‍ തള്ളി ദേശീയ നേതൃത്വം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പുവരെ സുരേന്ദ്രൻ തന്നെ ബിജെപിയെ നയിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് സംസ്ഥാന നേതൃത്വം നൽകിയ റിപ്പോർട്ട് കേന്ദ്രം മുഖവിലക്കെടുക്കുന്നുണ്ട്.
പാലക്കാട്ടെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന സംസ്ഥാന സമിതി കണ്ടെത്തൽ കേന്ദ്ര നേതൃത്വം അംഗീകരിച്ചു. വിമത നീക്കം നടത്തിയവർക്കെതിരെ നടപടിയെടുക്കും. അടുത്തമാസം ഏഴിനും എട്ടിനും കൊച്ചിയിൽ ചേരുന്ന നേതൃയോഗം ഇക്കാര്യങ്ങൾ ചർച്ച ചെയ്യും. സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി എതിർപക്ഷം കേന്ദ്ര നേതൃത്വത്തെ സമീപിക്കുമെന്ന വാർത്തകളുണ്ടായിരുന്നെങ്കിലും അങ്ങനെയാരും കേന്ദ്രത്തെ സമീപിച്ചിട്ടില്ല. ഇക്കാര്യം ജാവഡേക്കറും വ്യക്തമാക്കുന്നുണ്ട്.
2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം, തൃശൂർ കോർപറേഷനുകളിൽ ഭരണം പിടിക്കണമെന്നും, കൊല്ലം, കോഴിക്കോട് കോർപറേഷനുകളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കണമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി ജാവഡേക്കർ കേന്ദ്ര നിലപാട് നേതൃത്വത്തെ അറിയിച്ചു.
മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയുടെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഇപ്പോഴേ തുടങ്ങണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.