Kerala Government News

പിണറായി മന്ത്രിസഭ അഴിച്ചുപണിക്കൊരുങ്ങുന്നു! യുആർ പ്രദീപിൻ്റെ സാധ്യതകള്‍ ഇങ്ങനെ..

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഎം മറുപടി പറയേണ്ടി വന്ന ആക്ഷേപമായിരുന്നു കെ രാധാകൃഷ്ണനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി എം.പിയാക്കി ഡൽഹിയിലേക്ക് അയച്ചതിനെ സംബന്ധിച്ച്. കേരളത്തിൽ ഒരു ദളിത് മുഖ്യമന്ത്രിയുടെ സാധ്യതയില്ലാതാക്കാനാണ് കെ.രാധാകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയൻ പാർലമെന്റിലേക്ക് വിട്ടതെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ മുതലുള്ള നേതാക്കൾ ആരോപിച്ചിരുന്നു. സിപിഎം വിജയിച്ചെങ്കിലും ഭൂരിപക്ഷം മൂന്നിലൊന്നായി കുറയാനുണ്ടായ കാരണങ്ങളിലൊന്ന് ഈ ആരോപണവുമാണെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ.

ചേലക്കരയിലെ വിജയം മാത്രം ഉയർത്തിക്കാട്ടി ഭരണവിരുദ്ധ വികാരമില്ലെന്ന് സ്ഥാപിക്കാനാണ് സിപിഎം ശ്രമം. അതിൽ ആശ്വാസം കണ്ടെത്താമെങ്കിലും ഇനിയൊരു ഭരണ തുടർച്ചയുണ്ടാകണമെങ്കിൽ ചില ഫോർമുലകൾ മന്ത്രിസഭയിലുണ്ടായിരിക്കണമെന്നാണ് തൃശൂർ പാലക്കാട് ജില്ല നേതൃത്വത്തിന്റെ പക്ഷം. ഇനിയൊരു മന്ത്രിസഭ പുനഃസംഘടയുണ്ടായാൽ അതിലേക്ക് പരിഗണിക്കേണ്ടുന്നവരുടെ ലിസ്റ്റിൽ യുആർ പ്രദീപും ഇടംപിടിക്കും എന്നുറപ്പാണ്.

UR Pradeep MLA with CM Pinarayi Vijayan and CPIM Leaders MV Govindan and K Radhakrishnan at chelakkara election campaign

പട്ടിക ജാതി വിഭാഗത്തിൽ നിന്ന് ഒരാൾ പിണറായി വിജയൻ മന്ത്രിസഭയിൽ ഇല്ലെന്ന് പ്രതിപക്ഷം ചേലക്കര തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ ആരോപിച്ചിരുന്നു. ഇത് വലിയ ചർച്ചയായി മാറുകയും ചെയ്തു. ഈ ആക്ഷേപം മറികടക്കാനാണ് പ്രദീപിനെ മന്ത്രിസഭയിൽ എടുക്കാൻ ആലോചിക്കുന്നത്.

കെ.രാധാകൃഷ്ണൻ മന്ത്രിസ്ഥാനത്ത് നിന്ന് രാജി വച്ചതോടെയാണ് പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള മന്ത്രിയില്ലാതായത്. പകരം മന്ത്രിയായ ഒ. ആർ. കേളു പട്ടിക വർഗ വിഭാഗത്തിൽ നിന്നായിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലാണ് പട്ടിക വർഗത്തിൽ നിന്നും പട്ടിക ജാതി വിഭാഗത്തിൽ നിന്നും ഒരേ സമയം മന്ത്രിമാർ ഉണ്ടായത്. പി.കെ ജയലക്ഷ്മിയും എ.പി അനിൽകുമാറും ആയിരുന്നു മന്ത്രിമാർ. പട്ടിക ജാതി വകുപ്പ് ഏറ്റെടുത്ത എക മുഖ്യമന്ത്രി കെ. കരുണാകരൻ ആയിരുന്നു.

പി.വി. ശ്രീനിജൻ, സച്ചിൻ ദേവ് എന്നിവരും ഇത്തരം പരിഗണനക്ക് അർഹരാണെങ്കിലും ചേലക്കരയിൽ കഠിനമായ പോരാട്ടം നടത്തി സിപിഎമ്മിന്റെ മുഖം രക്ഷിച്ച പ്രദീപിനായിരിക്കും മന്ത്രികസേരയിൽ മുൻഗണന എന്നാണ് ലഭിക്കുന്ന സൂചന.

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ തുടരന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടതോടെ സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് മാറി നിൽക്കണമെന്ന ആവശ്യവും ശക്തമാണ്. സമ്മർദ്ദം രാജിയിലേക്ക് വഴിവെക്കുകയാണെങ്കിൽ മന്ത്രിസഭ പുനഃസംഘടന വേണ്ടിവരും.

വർഷങ്ങളായി കൂടെ നിൽക്കുന്ന കോവൂർ കുഞ്ഞുമോനെ മന്ത്രിസഭയിൽ എടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എൻ.സി.പിയിലും മന്ത്രിസ്ഥാനത്തിനായി അടി മൂക്കുകയാണ്. ചില സിപിഎം മന്ത്രിമാരുടെ വകുപ്പുകൾ മാറ്റി മന്ത്രി സഭക്ക് പുതിയ മുഖം നൽകാനും സാധ്യതയുണ്ട്.

കെ.എൻ. ബാലഗോപാൽ ധനകാര്യ വകുപ്പ് മന്ത്രിയായി തുടരും. തെരഞ്ഞെടുപ്പ് പടി വാതിക്കൽ നിൽക്കുമ്പോൾ പ്രതിച്ഛായ മെച്ചപ്പെടുത്താൻ മന്ത്രിസഭ മുഖം മിനുക്കലിലൂടെ സാധിക്കും എന്നാണ് പിണറായി കണക്ക് കൂട്ടുന്നത്. പതിനൊന്നാം മാസം തദ്ദേശ തെരഞ്ഞെടുപ്പും പതിനാറാം മാസം നിയമസഭ തെരഞ്ഞെടുപ്പും നടക്കുമ്പോൾ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ മന്ത്രിസഭ പുനസംഘടനക്ക് കഴിയുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. ഷംസീർ മന്ത്രിസഭയിൽ എത്തിയാൽ വീണ ജോർജ് ആകും പുതിയ സ്പീക്കർ.

1 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x