
കോഴിക്കോട്: കുപ്രസിദ്ധമായ പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പെൺകുട്ടിയെ രാഹുൽ വീണ്ടും മർദ്ദിച്ചതായി പരാതി. മീൻകറിക്ക് പുളിയില്ലെന്ന് പറഞ്ഞ് ഭർത്താവ് രാഹുൽ മർദ്ദിച്ചുവെന്നാണ് പെൺകുട്ടി പരാതിപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും മർദ്ദിച്ചെന്നാണ് ആരോപണം.
ആദ്യത്തെ കേസ് ഹൈക്കോടതിയിൽ പെൺകുട്ടി മൊഴി മാറ്റിയതോടെ റദ്ദാക്കിയിരുന്നു. അതിനുശേഷവും അക്രമം തുടരുന്നുവെന്നാണ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ വെളിവാക്കുന്നത്. ഇതിന് മുമ്പ് പെൺകുട്ടിയുടെ അമ്മയോട് സംസാരിച്ചതിന്റെ പേരിലും മർദ്ദിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.
ആദ്യകേസ് ഹൈക്കോടതി റദ്ദാക്കിയിട്ട് രണ്ടുമാസം പൂർത്തിയായിട്ടില്ല. ഇരുവരും കോഴിക്കോട്ട് പന്തീരങ്കാവിലെ രാഹുലിന്റെ വീട്ടിലാണ് താസമം.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന യുവതി രക്ഷിതാക്കൾക്കൊപ്പമാണ് പന്തീരങ്കാവ് പോലീസ് സ്റ്റേഷനിൽ എത്തിയത്.
ഇന്നലെ പരാതി ഇല്ലെന്ന് എഴുതി നൽകി എങ്കിലും ഇന്ന് പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പെൺകുട്ടിയുടെ ആവശ്യപ്രകാരം സർട്ടിഫിക്കറ്റുകൾ രാഹുലിന്റെ വീട്ടിൽ നിന്നും കണ്ടെടുക്കാനായി പോലീസ് വീട്ടിൽ പരിശോധന നടത്തി.
ഇതിനിടെ പെൺകുട്ടിയുടെ ഭർത്താവ് രാഹുൽ പി. ഗോപാലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപിച്ച് പൊതു സ്ഥലത്ത് ബഹളം വെച്ചതിനാണ് പോലീസ് 24 മണിക്കൂർ നേരത്തേക്ക് കരുതൽ തടങ്കലിൽ വെച്ചിരിക്കുന്നത്. ഇയാൾ വിസമ്മതിച്ചതിനാൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കാൻ സാധിച്ചിട്ടില്ല.