
വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചു; ഇ.സി.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുള്‍പ്പെട്ട മാസപ്പടി കേസില്‍ അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ECIR) രജിസ്റ്റര്‍ ചെയ്തു.
SFIOയുടെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക നടപടികള്‍ ആരംഭിച്ച ഇ.ഡി ആരോപണ വിധേയര്‍ക്ക് ഉടന്‍ നോട്ടിസ് നല്‍കുമെന്നാണ് വിവരം. കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍നിന്ന് എക്സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം നടക്കുന്നത്.
2016-17 മുതലാണ് എക്‌സാലോജിക്കിനു ശശിധരന്‍ കര്‍ത്തായുടെ കരിമണല്‍ കമ്പനി അക്കൗണ്ട് വഴി പണം കൈമാറിയത്. ഐടി അനുബന്ധ സേവനത്തിനാണു പണം നല്‍കിയതെന്നാണു സിഎംആര്‍എലിന്റെയും എക്‌സാലോജിക്കിന്റെയും വാദം. ഈ കാലഘട്ടത്തില്‍ പത്തിലധികം സ്ഥാപനങ്ങള്‍ എക്‌സാലോജിക്കുമായി വലിയ സാമ്പത്തിക ഇടപാടു നടത്തിയെന്നാണ് അക്കൗണ്ട് പരിശോധിച്ച് എസ്എഫ്‌ഐഒ കണ്ടെത്തിയത്. മുന്‍പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ വിവരശേഖരണത്തിലും ചില സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തിയിരുന്നു. അന്നു സ്ഥാപന ഉടമകളില്‍നിന്നു മൊഴിയെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. ഈ വിവരങ്ങളും എസ്എഫ്‌ഐഒയ്ക്കു കൈമാറിയിട്ടുണ്ട്.
എസ്.എഫ്.ഐ.ഒ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഇ.ഡിയും കേസില്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആര്‍.എല്ലും തമ്മില്‍ നടത്തിയ ഇടപാടുകളാണ് എസ്.എഫ്.ഐ.ഒ. സംഘം പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച വിവിധ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
മാസപ്പടി കേസിലെ കള്ളപ്പണ ഇടപാട് കൂടി പരിശോധിക്കുന്നതിന് വേണ്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ തുടരന്വേഷണമാകാം എന്ന നിഗമനത്തിലെത്തിയതോടെയാണ് ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്. വീണ വിജയന്റെ എക്‌സാലോജിക് കമ്പനി, സിഎംആര്‍എല്‍, കെഎസ്‌ഐഡിസി എന്നിവര്‍ക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടക്കുക. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ ഇ.ഡി പരിശോധിക്കും.
ഇ.ഡിയുടെ മാത്രമല്ല സിബിഐയുടെ കടന്നുവരവും കേസില്‍ അനിവാര്യമാണെന്ന് പരാതി നല്‍കിയ ഷോണ്‍ ജോര്‍ജ് പറഞ്ഞു. വന്‍തുകകളുടെ ഇടപാട് നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവന്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ (എസ്എഫ്‌ഐഒ) നോട്ടിസ് അയച്ചിരുന്നു. എക്‌സാലോജിക് സൊലൂഷന്‍സും കെഎസ്‌ഐഡിസിയും നല്‍കിയ ഹര്‍ജികളില്‍ അന്വേഷണം നടക്കട്ടെ എന്നു കോടതികള്‍ നിലപാടെടുത്തതോടെയാണ് എസ്എഫ്‌ഐഒ തുടര്‍നടപടികളിലേക്കു കടന്നത്. കേരളത്തില്‍ മാത്രം 12 സ്ഥാപനങ്ങള്‍ക്കാണു നോട്ടിസ് ലഭിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി എക്‌സാലോജിക് സൊലൂഷന്‍സിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എസ്എഫ്‌ഐഒ പരിശോധിച്ചിരുന്നു. ഈ പരിശോധനയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നോട്ടിസ് അയച്ചത്. എക്‌സാലോജിക്കുമായി എന്തുതരം ഇടപാടാണു നടത്തിയതെന്നതാണു നോട്ടിസിലെ പ്രധാന ചോദ്യം. ഉല്‍പന്നമോ സേവനമോ നല്‍കിയതിന് എക്‌സാലോജിക്കുമായി ഏര്‍പ്പെട്ട കരാറിന്റെ പകര്‍പ്പ്, വര്‍ക്ക് ഓര്‍ഡര്‍, ഇന്‍വോയ്‌സ് എന്നിവയുടെ പകര്‍പ്പ് എന്നിവയെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി, ബന്ധപ്പെട്ട കമ്പനികളില്‍നിന്നു രേഖകള്‍ വിളിച്ചുവരുത്തുന്നതിനുള്ള വകുപ്പ് 217 (2) പ്രകാരമാണ് എസ്എഫ്‌ഐഒ ചെന്നൈ ഓഫിസിലെ കെ.പ്രഭു നോട്ടിസ് അയച്ചത്.