
തൃശൂരും തിരുവനന്തപുരവും ബിജെപി ഭരിക്കും: ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൃശൂർ, തിരുവനന്തപുരം ഉൾപ്പെടെയുള്ള കോർപറേഷനുകൾ ബിജെപി ഭരിക്കുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പാലക്കാട് മുനിസിപ്പാലിറ്റിയിൽ പന്തയം വെക്കാമെന്നും, ഒരു മുനിസിപ്പൽ കൗൺസിലറെ അധികമായി സൃഷ്ടിക്കാൻ യുഡിഎഫിന് സാധിക്കുമോയെന്നും പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചു. തന്റെ ചിന്ത അടുത്ത തിരഞ്ഞെടുപ്പാണെന്നും വി.ഡി സതീശന്റെ വെല്ലുവിളിയെ ശക്തമായി ബി.ജെ.പി ഏറ്റെടുക്കുന്നുവെന്നും ശോഭ കൂട്ടിച്ചേർത്തു.
സംസ്ഥാന ഘടകവും കേന്ദ്രഘടകവും ഏൽപ്പിച്ചിട്ടുള്ള എല്ലാ ജോലിയും കൃത്യമായി ചെയ്തുതീർത്തിട്ടുണ്ടെന്നും ശോഭ പറഞ്ഞു. അഖിലേന്ത്യാ നേതൃത്വവും സംസ്ഥാനഘടകവും ശോഭ എന്ത് ജോലി ചെയ്യണമെന്ന് തീരുമാനമെടുക്കാറുണ്ട്. ആ പണി വളരെ നല്ല രീതിയിൽ ചെയ്തുതീർത്തുവെന്ന് ആത്മവിശ്വാസമുള്ള ഒരു സാധാരണക്കാരിയാണ് ഞാൻ. – ശോഭ പറഞ്ഞു
താഴെ നിന്ന് മുദ്രാവാക്യം വിളിച്ചിട്ടുള്ള പാവപ്പെട്ട പ്രവർത്തകൻമാരെ മുനിസിപ്പൽ ചെയർമാൻമാരായിട്ടും കൗൺസിലർമാരായിട്ടും പഞ്ചായത്ത് പ്രസിഡന്റുമാരായിട്ടും ഇരുത്താനുള്ള തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. പ്രമീളാ ദേവി ഉന്നയിച്ച കാര്യങ്ങൾക്കുള്ള മറുപടി സംസ്ഥാന അധ്യക്ഷൻ കൊടുത്തിട്ടുണ്ടെന്നും ശോഭ പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ പറഞ്ഞതിനേക്കാൾ കൂടുതലായിട്ട് ഞാനെന്താണ് പറയേണ്ടത്.
നേതൃത്വത്തിൽ മാറ്റം വേണ്ടിവരുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ശോഭ സുരേന്ദ്രൻ നൽകിയില്ല. അതിന് വ്യക്തമായ മറുപടി കുമ്മനം രാജശേഖരൻ നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തേക്കാൾ വലിയ ആളല്ല താനെന്നും ശോഭ വ്യക്തമാക്കി.