വനിത സംരംഭകരിൽ 63 % ക്രിസ്ത്യാനികൾ; വനിതാ കമ്മീഷൻ്റെ പഠനം

റിപ്പോർട്ട് പുറത്ത് വിട്ട് വനിതാ കമ്മീഷൻ

women's commission study about kerala women entrepreneurs

തിരുവനന്തപുരം: സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ മുഖ്യസ്രോതസ്സാണ് സംരംഭകത്വമെങ്കിലും വളരെ വിരളമായി മാത്രമേ സ്ത്രീകൾ ഈ മേഖല യിലേക്ക് കടന്നുവരുന്നുള്ളൂവെന്ന് സംസ്ഥാന വനിതാ കമ്മീഷന്റെ പഠനം. സംസ്ഥാനത്തെ ചെറുകിട വനിതാ വ്യവസായ സംരംഭകരിൽ 63 %വും ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരാണെന്ന് വനിത കമ്മീഷന്റെ കണ്ടെത്തൽ. കഴിഞ്ഞ നാല് കൊല്ലത്തിനിടയിൽ തുടക്കം കുറിച്ച സംരംഭകരിൽ നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

സംസ്ഥാനത്തെ വനിതാ ചെറുകിട സംരംഭകർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് 60 സംരംഭകരെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലെ വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. സംരംഭകരിൽ ഭൂരിപക്ഷവും 31നും 45നും ഇടക്ക് പ്രായമുള്ളവരാണ്. ഇവരിൽ 63 ശതമാനം പേരും ക്രിസ്ത്യാനികളാണ്. വെറും അഞ്ച് ശതമാനം പേരാണ് പട്ടികജാതി വിഭാഗങ്ങളിൽ നിന്നുള്ളത്.

സംരംഭകരിൽ 88 ശതമാനം പേരും വിവാഹിതരും എപിഎൽ വിഭാഗത്തിൽപെട്ടവരുമാണ്. ബഹുഭൂരിപക്ഷം പേർക്കും സംരംഭകത്വം സംബന്ധിച്ച് യാതൊരു പരിശീലനവും ലഭിച്ചിട്ടില്ല. 71 ശതമാനം സ്ഥാപനങ്ങളും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. 83 ശതമാനം പേർക്കും കുടുംബത്തിൻറെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് കമ്മീഷന്റെ കണ്ടെത്തലിലുണ്ട്.

സ്ത്രീ സംരംഭകർക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കുവാൻ മികച്ച പരിശീലനം ആവശ്യമാണ് എന്നാണ് വനിതാ കമ്മീഷൻറെ പ്രധാന ശുപാർശ. ഇതിനായി സർക്കാർ മുൻകൈ എടുത്ത് മികച്ച പരിശീലനം നൽകണമെന്നാണ് വനിതാ കമ്മീഷൻ ആവശ്യപ്പെടുന്നത്. സംരംഭക ആഭിമുഖ്യം വളർത്താനുള്ള കോഴ്‌സുകൾ ഹൈസ്‌കൂൾ തലം മുതൽ തുടങ്ങണം.

ബിപിഎൽ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് സർക്കാർ പുതിയ കർമപദ്ധതികളിലൂടെ പിന്തുണ നൽകണമെന്നും കമ്മീഷൻറെ ശുപാർശയിലുണ്ട്. പലിശരഹിത വായ്പകൾ നൽകുന്നതിനും ഉയർന്ന സബ്‌സിഡി നൽകാനുമുള്ള സംവിധാനങ്ങൾ ഉറപ്പാക്കിയാൽ ധാരാളം പേർ സംരംഭകരായി മുന്നോട്ട് വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്ത്രീ സംരംഭങ്ങൾക്ക് ഫണ്ട് നൽകുന്ന കർമപദ്ധതികളെക്കുറിച്ച് സ്ത്രീകൾക്കിടയിൽ ബോധവൽക്കരണം അത്യാവശ്യമാണ്.

സംരംഭകർ തമ്മിൽ കൂട്ടായ പ്രവർത്തനം ഉണ്ടായാൽ രാജ്യത്തിനകത്തും പുറത്തും നേട്ടം കൊയ്യാനാവുമെന്നും കമ്മീഷൻറെ ശുപാർശയിലുണ്ട്. മികച്ച സാങ്കേതിക വിദ്യകളും വിപണന സാധ്യതകളും ലഭ്യമാക്കാൻ സർക്കാർ സർക്കാരേതര സ്ഥാപനങ്ങളിൽ നിന്നുള്ള പിന്തുണ അത്യാവശ്യമാണ്.

സ്ത്രീ സംരംഭകർക്ക് കഴിവുകൾ വികസിപ്പിച്ചെടുക്കാൻ പ്രത്യേക പരിശീലനം ആവശ്യമാണ്. പ്രത്യേകിച്ച് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക്, സർക്കാർ തലത്തിൽ മികച്ച പരിശീലനം നൽകുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും, മൂലധനമാണ് സത്രീസംരംഭകരുടെ പ്രധാന പ്രശ്നം. പലിശരഹിത വായ്പകൾ നൽകുന്നതും സബ്സിഡി ഉയർത്തുന്നതും വഴി കൂടുതൽ സ്ത്രീ സംരംഭകരെ സൃഷ്ടിക്കാൻ സാധിക്കുമെന്നുമുള്ള ശിപാർശയും വനിത കമ്മീഷന്റെ പഠനം മുന്നോട്ടുവെയ്ക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments