ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭാലില്‍ അക്രമത്തില്‍ ബിജെപിയെ പഴിച്ച് കോണ്‍ഗ്രസും ആര്‍ജെഡിയും. ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും ഇടയില്‍ ബി.ജെ.പി ഭിന്നത സൃഷ്ടിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സുപ്രീംകോടതി വിഷയത്തില്‍ ഇടപെടണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ പക്ഷപാതപരവും തിടുക്കത്തിലുള്ളതുമായ സമീപനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ വ്യക്തമാക്കി.
വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും പാതയിലല്ല, ഐക്യത്തിന്റെയും ഭരണഘടനയുടെയും പാതയിലൂടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെന്ന് ഉറപ്പാക്കാന്‍ നാമെല്ലാവരും ഒരുമിച്ച് ചേരണമെന്നും രാഹുല്‍ ഗാന്ധി ഉറപ്പിച്ചു പറഞ്ഞു. അധികാരത്തിലിരിക്കുമ്പോള്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭിന്നത സൃഷ്ടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര ആരോപിച്ചു. യുപിയില്‍ നടക്കുന്നത് പരിതാപകരമാണെന്നും ആ അവസ്ഥയ്ക്ക് യോഗി ആദിത്യനാഥിന്‍രെ സര്‍ക്കാര്‍ മാത്രമാണ് കുറ്റക്കാരെന്ന് തേജസ്വി യാദവും കുറ്റപ്പെടുത്തിയിരുന്നു.