പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയത്തോടെ പ്രതിരോധത്തിലായ ബിജപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മറുപടിയുമായി രംഗത്ത്. സ്ഥാനാർത്ഥി നിർണ്ണയം ശരിയായ രീതിയായിലിരുന്നെന്നും മറിച്ചുള്ള പ്രചാരണം വസ്തുതാ വിരുദ്ധമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. പാലക്കാട്ടേക്ക് മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉൾപ്പെടെ മൂന്നുപേരുടെ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയതെന്ന് അദ്ദേഹം പറഞ്ഞു.
കൃഷ്ണകുമാർ ഉൾപ്പെടെയുള്ള മൂന്നുപേരും മത്സരിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞെങ്കിലും മറ്റ് വഴിയില്ലാതെ കൃഷ്ണകുമാറിനെ തന്നെ സ്ഥാനാർത്ഥിയാക്കി. മലമ്പുഴയിൽ വെറും 3000 വോട്ടിൽ നിന്ന് 50,000 വോട്ടിലേക്ക് ഉയർത്തിയിട്ടുള്ള സ്ഥാനാർത്ഥിയാണ് സി. കൃഷ്ണകുമാറെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പരസ്യ പ്രസ്താവനകളും പരിശോധിക്കും. ബൂത്ത് അടിസ്ഥാനത്തിൽ വിശകലനം നടത്തി നഷ്ടപ്പെട്ട പിന്തുണ തിരിച്ചു പിടിക്കാൻ ശ്രമിക്കും.
തെരഞ്ഞെടുപ്പിലെ വിജയ-പരാജയങ്ങളുടെ ഉത്തരവാദിത്തം കൂട്ടുത്തരവാദിത്തമാണെങ്കിലും ടീമിനെ നയിക്കുന്ന ആളെന്ന നിലയിൽ സംസ്ഥാന അധ്യക്ഷന് തന്നെയാണ്. ഒരു ടീമിനെ നയിക്കുമ്പോൾ വിജയങ്ങളും പരാജയങ്ങളും ഉണ്ടാകുമ്പോൾ സമചിത്തതയോടെ നേരിടുക എന്നത് മാത്രമാണ് വഴി. വി. മുരളീധരൻറെ കാലത്തും തെരഞ്ഞെടുപ്പിൽ തോൽവി സംഭവിച്ചിട്ടുണ്ട്. അന്ന് അദ്ദേഹത്തോട് ആരും രാജി ആവശ്യപ്പെട്ടില്ല. വിവാദങ്ങളെല്ലാം കോൺഗ്രസിൻറെ പ്രചാരവേലയാണെന്നും കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശോഭ സുരേന്ദ്രനുള്‍പ്പെടെയുള്ള ഒരുവിഭാഗം നേതാക്കളും പാലക്കാട് നഗരസഭയിലെ കൌണ്‍സിലർമാരും ചേർന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന ആക്ഷേപങ്ങളെയും സുരേന്ദ്രൻ തള്ളി. വി. മുരളീധരൻ സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴും കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി വോട്ട് കൂടാറില്ലെന്ന മുൻകാല കണക്കുകള്‍ ചൂണ്ടിക്കാട്ടി സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.