
വയനാടിന് 50 ലക്ഷം രൂപ അനുവദിച്ചു
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ നടപടിക്കായി വയനാടിന് 50 ലക്ഷം രൂപ അനുവദിച്ച് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. വന്യജീവി ആക്രമണങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് തുക അനുവദിച്ചത്. വനാതിർത്തിയിലെ അടിക്കാട് വെട്ടാനും പണം ഉപയോഗിക്കാം. പണം കളക്ടർക്ക് കൈമാറും. (human-animal conflict wayanad)
അതേസമയം വന്യജീവിയാക്രമണം രൂക്ഷമായിട്ടും സർക്കാർ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ ആഹ്വാനം ചെയ്തു. രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കി.
ദിവസേന എന്നോണം ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണു ഹർത്താൽ നടത്തുന്നതെന്നു യുഡിഎഫ് ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജിയും കൺവീനർ പി.ടി.ഗോപാലക്കുറുപ്പും അറിയിച്ചു.
സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ നാല് പേർക്കാണ് കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമാകുന്നത്. ഇന്നലെ രാത്രി നടന്ന കാട്ടാന ആക്രമണത്തിൽ അട്ടമല സ്വദേശി ബാലകൃഷ്ണൻ അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു.
വനാതിർത്തികളിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന നടപടിയാണ് സർക്കാർ ഇപ്പോഴും സ്വീകരിക്കുന്നതതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കാടിനുള്ളിൽ വെള്ളമില്ലാത്തതു കൊണ്ടാണ് ആന ഇറങ്ങുന്നതെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കിൽ വെള്ളവും ഭക്ഷണവും കാട്ടിനുള്ളിൽ നൽകാൻ സംവിധാനം ഒരുക്കണം. ആന കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളിലെ കാടുകളിൽ വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള സംവിധാനം മറ്റു സംസ്ഥാനങ്ങളിലുണ്ട്. നേരത്തേ കേരളവും അങ്ങനെ ചെയ്തിട്ടുണ്ട്. ആനകൾ കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് ജനങ്ങൾക്ക് സംരക്ഷണം ഒരുക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞിരുന്നു.