പാലക്കാട്: പാലക്കാട് ബിജെപിക്കുള്ളിൽ അടിമുടി തർക്കം. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ശക്തമായ പരാജയം കൂടെ ആയതോടെ പാർട്ടിക്കുള്ളിൽ അടിമുടി വിയോചിപ്പുകൾ ഉടലെടുത്തു എന്നതാണ് വിലയിരുത്തൽ. ഫലപ്രഖ്യാപന ദിനം തന്നെ പാർട്ടിയുടെ വോട്ട് കുറഞ്ഞു എന്നത് വ്യക്തമായിരുന്നു. ഇതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ ചില പാർട്ടി പ്രവർത്തകർ തിരിഞ്ഞു. ഇതോടെ കാര്യങ്ങൾ പാർട്ടിക്കുള്ളിൽ ഒതുങ്ങാത്ത അവസ്ഥയിലെത്തി.
ഇന്ന് രാവിലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷനായ കെ.സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ച് രംഗത്ത് എത്തിയത്. ഇതിന് പിന്നാലെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരേയും പാലക്കാട് ചുമതല ഉണ്ടായിരുന്ന രഘു നാഥിനെതിരെയും സ്ഥാനാർത്ഥി കൃഷ്ണ കുമാറിനെതിരേയും വിമർശനവുമായി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ രംഗത്തെത്തി. പാർട്ടിക്ക് വേണ്ടി മത്സരിച്ച സ്ഥാനാർത്ഥിക്കെതിരെ തന്നെ ഉയരുന്ന ആരോപണങ്ങൾ എന്നത് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
തോൽവിയുടെ ഉത്തരവാദിത്തം സുരേന്ദ്രനാണ്. അത് കൗൺസിലർമാരുടെ തലയിൽ കെട്ടി വെക്കേണ്ട. പ്രഭാരി രഘു നാഥ് എസി മുറിയിൽ കഴിയുക ആയിരുന്നു. രഘുനാഥിനെ പ്രഭാരി സ്ഥാനത്തു നിന്ന് മാറ്റണം എന്ന് 6 മാസം മുൻപ് ആവശ്യപ്പെട്ടിരുന്നു. പ്രഭാരിയുടെ ജോലി എസി റൂമിൽ ഉറങ്ങൽ അല്ലെന്നും ശിവരാജൻ പറഞ്ഞു.
കൗൺസിലർമാർ അല്ല തോൽവിക്ക് കാരണം. വോട്ട് കുറഞ്ഞതിന്റ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം. സ്വന്തം വാർഡിൽ പോലും ജയിക്കാൻ ആകാത്ത ആൾ ആണ് രഘുനാഥ്. എന്റെ ആസ്തി പരിശോധിക്കാം. കൃഷ്ണ കുമാറിന്റെ ആസ്തി പരിശോധിക്കണം. തനിക്ക് വസ്തുക്കച്ചവടം ഇല്ലെന്നും ശിവരാജൻ പറഞ്ഞു.
വിഷയത്തിൽ പ്രതികരണം നടത്തി ബിജെപിയുടെ പ്രഭാരി രഘുനാഥും രംഗത്ത് എത്തി. പാലക്കാട് തിരഞ്ഞെടുപ്പിൽ 40ത്തിലധികം വോട്ടുണ്ടെന്നും ആകെ ഒന്നര ശതമാനം വോട്ടാണ് കുറഞ്ഞതെന്നും രഘുനാഥ് പറഞ്ഞു. പാലക്കാട് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചിട്ടയായ പ്രവർത്തനം തന്നെയാണ് നടന്നിട്ടുള്ളതെന്നും ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയില്ലെന്നുമാണ് രഘുനാഥ് പ്രതികരിക്കുന്നത്.
അതേസമയം, തോൽവിയിൽ ഉയർന്ന വിമർശനങ്ങളിൽ പരസ്യ പ്രതികരണത്തിനൊരുങ്ങുകയാണ് ബിജെപി കൗൺസിലർമാർ. തോൽവിയുടെ ഉത്തരവാദിത്വം കൗൺസിലർമാരുടെ തലയിൽ കെട്ടിവെക്കുന്നതിൽ പ്രതിഷേധം അറിയിക്കാനാണ് കൗൺസിലർമാരുടെ തീരുമാനം.