തിരുവനന്തപുരം: കോൺഗ്രസിൽ കൂട്ടയടി, നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ഉപതെരഞ്ഞെടുപ്പ് ഫലം വന്നാൽ വി.ഡി. സതീശൻ രാജിവെച്ച് വീട്ടിലിരിക്കേണ്ടി വരും എന്നൊക്കെയായിരുന്നു ഇടതു നേതാക്കളും ബിജെപി നേതാക്കളും ഒരുപോലെ പറഞ്ഞു നടന്നത്.
പാലക്കാട് റെക്കോർഡ് വിജയം നേടി, വയനാട്ടിൽ നാല് ലക്ഷത്തിന് പുറത്തെ ഭൂരിപക്ഷം, ചേലക്കരയിൽ സിപിഎമ്മിന്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി ചുരുക്കാൻ കഴിഞ്ഞു. ഇങ്ങനെയൊക്കെയായി കോൺഗ്രസ് ഇപ്പോൾ ആശ്വാസത്തിലാണ്. പക്ഷേ, മറ്റിടങ്ങളിലെ അവസ്ഥ മറിച്ചാണ്. ഒറ്റക്കെട്ടെന്ന് മാധ്യമങ്ങളെക്കൊണ്ടും സോഷ്യൽ മീഡിയകളിലും പ്രചരിപ്പിച്ചവർ തമ്മിലടിക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ.
ബിജെപിയിലെ പ്രശ്നങ്ങൾ പൊട്ടിത്തെറിയായി പുറത്തു വന്നു കഴിഞ്ഞു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരേയും പാലക്കാട് ചുമതല ഉണ്ടായിരുന്ന രഘു നാഥിനെതിരെയും സ്ഥാനാർത്ഥി കൃഷ്ണ കുമാറിനെതിരേയും വിമർശനവുമായി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തി. പാലക്കാട നഗരസഭ ചെയർമാനും ബിജെപി കൌണ്‍സിലർമാരില്‍ ഭൂരിപക്ഷവും കെ സുരേന്ദ്രനെതിരെയാണ്.
ഏറ്റവുമൊടുവിൽ ഇടത് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയിലാണ് തിരഞ്ഞെടുപ്പ് തോൽവിയെ ചൊല്ലി അഭിപ്രായ വ്യത്യാസം പുകഞ്ഞ് നീറുന്നത്. വയനാട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിക്ക് ഏറ്റ കനത്ത തോൽവിയാണ് സിപിഐയിലെ അടി മൂക്കാൻ കാരണം. തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിന്ന് ജില്ലയിലെ സിപിഎം നേതൃത്വം വിട്ടുനിന്നതിൽ സിപിഐ നേതൃത്യത്തിന് കടുത്ത അമർഷമുണ്ട്.
സത്യൻ മൊകേരിക്ക് കഴിഞ്ഞ തവണ ആനി രാജക്ക് കിട്ടിയതിനേക്കാൾ 70,000 വോട്ടിന്റെ കുറവുണ്ടായതാണ് സിപിഎമ്മുമായുള്ള അഭിപ്രായ ഭിന്നത വർദ്ധിക്കാൻ കാരണം. ഇതിന് പുറമെ സിപിഎമ്മിന് കീഴടങ്ങി നിൽക്കുന്ന പാർട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിന് എതിരെയും കടുത്ത പ്രതിഷേധമുണ്ട്.
വയനാട്ടിലെ പ്രമുഖ സിപിഎം നേതാക്കൾ പോലും വോട്ടിംഗിൽ നിന്ന് വിട്ടുനിന്നു എന്ന പരാതി പോലും സിപിഐയ്ക്കുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയുടെ 141- ആം നമ്പർ ബൂത്തിൽ പോലും സത്യൻ മൊകേരി 343 വോട്ടുകൾക്ക് പിന്നിലായി.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ബൂത്തിൽ പ്രിയങ്ക ഗാന്ധിക്ക് 417 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. മിക്ക സിപിഎം നേതാക്കളുടേയും ബൂത്തുകളിലെ സ്ഥിതി ഇതാണ്. സിപിഎം ജില്ലാ കമ്മറ്റി ഓഫീസ് ഉൾപ്പെടുന്ന ബൂത്തിൽ പോലും എൽഡിഎഫ് സ്ഥാനാർത്ഥി ബിജെപിയുടെ നവ്യ ഹരിദാസിന് പിന്നിലായിപ്പോയത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഇടത് കോട്ടകൾ എന്നു പറയുന്ന സ്ഥലങ്ങളിലെല്ലാം പ്രിയങ്ക മുന്നേറ്റം നടത്തി.
സർക്കാരിനേയും സിപിഎമ്മിനേയും വിമർശിക്കുമ്പോൾ തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന കാര്യം സിപിഐക്കാർ ഓർക്കണമെന്നാണ് സിപിഎം നേതാക്കൾ രഹസ്യമായി പറയുന്നത്. തൃശൂർ പൂരം അലങ്കോലമാക്കി എന്ന് ആരോപിച്ച് പോലീസിനും സർക്കാരിനും എതിരെ സിപിഐ വലിയ പുകിലുണ്ടാക്കിയിരുന്നു. സർക്കാരിന്റെ നേട്ടങ്ങൾ തങ്ങളുടെ പോക്കറ്റിലാക്കുകയും കുറവുകൾ സിപിഎമ്മിന്റെ തലയിൽ വെച്ചു കെട്ടി സത്യവാൻ ചമയുന്ന സിപിഐയുടെ നിലപാടുകളോട് സാധാരണ സിപിഎം പ്രവർത്തകർക്ക് യോജിപ്പില്ലെന്നാണ് അവർ പറയുന്നത്.
വേണ്ടത്ര കൂടിയാലോചനകളില്ലാതെ കോൺഗ്രസ് വിട്ടു വന്ന പി സരിനെ പാലക്കാട് ഇടത് സ്ഥാനാർത്ഥിയാക്കിയതിനെതിരെ മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇന്ന് പത്രം വായിക്കുമ്പോൾ ഒരു പാർട്ടി. നാളെ വായിക്കുമ്പോൾ സരിൻ വേറെ പാർട്ടിയായിരിക്കുമെന്നും സരിനെപ്പോലെയുള്ളവരെ താൽപര്യമില്ലെന്നും സി ദിവാകരൻ മാധ്യമങ്ങളോട് തുറന്നടിച്ചിരുന്നു. ഇത് സിപിഎം- സിപിഐ വിയോജിപ്പിന്റെ പൊട്ടിത്തെറിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.