
തെരഞ്ഞെടുപ്പിലും സോഷ്യൽ മീഡിയ തലപ്പത്തും അരങ്ങേറ്റത്തിൽ ഗംഭീര തോൽവിയുമായി എം.വി നികേഷ്‌കുമാർ
മോങ്ങാനിരുന്ന സിപിഎമ്മിന്റെ തലയിൽ തേങ്ങ വീണതുപോലെയാണ് കാര്യങ്ങൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അടപടലം സിപിഎം തോൽക്കാനുള്ള പല കാരണങ്ങളിൽ ഒന്ന് അവരുടെ പോരാളി ഷാജിമാരും സൈബർ സഖാക്കളുമായിരുന്നു. അതിൽ നിന്ന് മോചനം നേടാനാണ് പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി എം.വി. നികേഷ് കുമാറിനെ സോഷ്യൽ മീഡിയയുൾപ്പെടെയുള്ളവയുടെ പ്രചാരണ ചുമതല ഏൽപ്പിച്ചത്. അവിടേം അദ്ദേഹം പരാജയം തന്നെ…
അങ്ങനെ അരങ്ങേറുന്ന ഇടത്ത് അതിപ്പോ ചാനലിലായാലും തെരഞ്ഞെടുപ്പിലായാലും സോഷ്യൽ മീഡിയ തലപ്പത്തായാലും തോൽവിയാണ് നികേഷിന് കൂട്ട്. 2016 ൽ റിപ്പോർട്ടർ ചാനൽ പണി നിർത്തി എം.വി നികേഷ് കുമാർ അഴിക്കോട് എൽ.ഡി.എഫ് സ്ഥാനാർത്ഥി ആയി ഭാഗ്യം പരീക്ഷിച്ചു. പ്രചരണ സമയത്ത് കിണറ്റിൽ വരെ നികേഷ് കുമാർ ഇറങ്ങിയെങ്കിലും മുസ്ലീം ലീഗിന്റെ കെ.എം ഷാജിയോട് പരാജയപ്പെട്ടു.
ഇനി മാധ്യമ രംഗത്ത് ഇല്ല എന്നായിരുന്നു തെരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോൾ നികേഷ് കുമാർ പ്രഖ്യാപിച്ചത്. തോറ്റതോടെ പ്രഖ്യാപനം മറന്ന് വീണ്ടും തട്ടിൻപുറത്ത് കയറി സിപിഎം ന്യായീകരണ ക്യാപ്‌സൂളുകൾ ഇറക്കി കാലം കഴിച്ചു. ക്ലച്ച് പിടിക്കാതെ വന്നതോടെ റിപ്പോർട്ടർ ചാനൽ മറ്റൊരു ടീം ഏറ്റെടുത്തു. മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയിൽ സിപിഎമ്മിനെ ന്യായികരിച്ച് നികേഷും റിപ്പോർട്ടറിൽ തുടർന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് എട്ടു നിലയിൽ പൊട്ടിയതിന് പിന്നാലെ നികേഷ് വീണ്ടും സിപിഎം തണലിൽ രാഷ്ട്രീയത്തിൽ സജീവമായി.
തോറ്റ് തൊപ്പിയിട്ട് ഇരിക്കുന്ന പിണറായി തന്റെ രാഷ്ട്രീയ കളരിയായ കണ്ണൂർ കേന്ദ്രമാക്കി പാർട്ടി പ്രവർത്തനം ആരംഭിക്കാൻ നികേഷിനോട് നിർദ്ദേശിച്ചു. ഒപ്പം സിപിഎമ്മിന്റെ നവ മാധ്യമകാര്യങ്ങളിലും ശ്രദ്ധ ചെലുത്തി. മാധ്യമപ്രവർത്തകരായ ശിഷ്യരാൽ സമ്പന്നരായ നികേഷ് കുമാറിന്റെ കളരിയിൽ നിന്നിറങ്ങിയവരാണ് ഇന്ന് ചാനൽ രംഗത്തെ ഭൂരിഭാഗം ആളുകളും.
പാലക്കാടിന്റെ മാധ്യമ ചുമതലയും നികേഷിൽ എത്തി. പെട്ടി വിവാദം പൊട്ടിപുറപ്പെട്ട ഹോട്ടലിൽ നികേഷും താമസിച്ചിരുന്നു. ഇത്രയും വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലല്ലോ, എന്റെ മുറിയിലും പോലിസ് മുട്ടി, ഞാൻ തുറന്ന് കൊടുത്തു , ഇതൊക്കെ റൂട്ടിൻ കാര്യമല്ലേ എന്നൊക്കെ നികേഷ് പ്രതികരിക്കുകയും ചെയ്തു. പാലക്കാട് സരിന് വേണ്ടി വിയർപ്പൊഴുക്കി അണിയറയിൽ പണി ചെയ്തു. ചില ശിഷ്യൻമാരെ അതിന് ഉപയോഗിക്കുകയും ചെയ്തു. ശിഷ്യൻമാരും നികേഷും കൂടി ചെയ്ത പണികൾ രാഹുലിന്റെ വോട്ട് വർദ്ധിപ്പിച്ചു എന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്നതോടെ തെളിഞ്ഞത്.
അങ്ങനെ തെരഞ്ഞെടുപ്പിലും സോഷ്യൽ മീഡിയ തലപ്പത്തും അരങ്ങേറ്റം പരാജയമാക്കി എം.വി നികേഷ് കുമാർ. തോൽക്കാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി എന്ന മമ്മൂട്ടി ഡയലോഗ് പോലെ രണ്ട് തോൽവി കൊണ്ടൊന്നും പിൻതിരിയുന്ന ആളല്ല എം.വി നികേഷ്‌കുമാർ. തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം നവമാധ്യമങ്ങളെ ഒരുക്കുക എന്ന ചുമതല നികേഷ് ഏറ്റെടുക്കും എന്നാണ് സൂചന. തദ്ദേശത്തിൽ മൽസരിക്കാൻ നികേഷ് തയ്യാറാകില്ല. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ സിപിഎം കോട്ടയിൽ നിന്ന് മൽസരിച്ച് നിയമസഭയിൽ എത്താം എന്നാണ് നികേഷിന്റെ കണക്ക് കൂട്ടൽ.
വോട്ട് ചെയ്യണ്ട ജനം മറിച്ച് ചിന്തിച്ചാൽ നികേഷ് വീണ്ടും തോൽക്കും. ജനത്തെ വിശ്വാസം ഇല്ലാത്തത് കൊണ്ട് രാജ്യസഭ സീറ്റ് നേടിയ ജോൺ ബ്രിട്ടാസിനെ നികേഷിനെ മാതൃകയാക്കാവുന്നതാണ്. ബ്രിട്ടാസ് ഇറങ്ങണമെങ്കിൽ 2027 വരെ കാത്തിരിക്കണം. അതിനുള്ള ക്ഷമ നികേഷിന് ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. 2026 ൽ പിണറായി യുഗത്തിന് തിരശീല വീഴും എന്നറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യം നികേഷി നില്ല. ബ്രിട്ടാസിന്റെ രാജ്യ സഭ സീറ്റ് നോക്കി കൊണ്ടിരുന്നാൽ അതും പോകും എന്ന് നികേഷിന് അറിയാം. അതുകൊണ്ട് തന്നെ 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ആയിട്ട് ആവും നികേഷിനെ ഇനി കാണുക. അതുവരെ കർട്ടന്റെ പിന്നിൽ ഇരുന്ന് ക്യാപ്‌സൂളുകൾ തയ്യാറാക്കി നികേഷ് കാലം കഴിക്കും.