CinemaNewsSocial Media

നമ്മളെ തരംതാഴ്ത്താന്‍ പലരും വരും ! നയൻതാരയുടെ അവസ്ഥ താനും അനുഭവിച്ചു : പാർവതി തിരുവോത്ത്

ധനുഷ് – നയൻ‌താര പോരാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിനിമ ലോകത്തെ ചർച്ച. സംഭവത്തിൽ നയൻതാരയെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ, നയൻതാരയെ പിന്തുണയ്ക്കാനുള്ള കാരണം തുറന്നു പറയുകയാണ് നടി പാർവതി തിരുവോത്ത്. ഒരു നിലപാട് എടുക്കുമ്പോൾ ചുറ്റുമുള്ളവരുടെ പിന്തുണ ലഭിക്കാതെ ഇരിക്കുമ്പോഴുള്ള ബുദ്ധിമുട്ട് അറിഞ്ഞിട്ടുള്ള വ്യക്തിയാണ് താനെന്നും ലേഡി സൂപ്പർസ്റ്റാർ എന്നു പറയാവുന്ന ഒരു താരം ഇത്തരത്തിൽ തുറന്ന കത്തെഴുതുമ്പോൾ അതൊരു യഥാർഥ പ്രശ്നമാണെന്നു തോന്നിയെന്നും പാർവതി തിരുവോത്ത് പറയുന്നു.

‘‘ഇതൊരു ദൈര്‍ഘ്യമേറിയ പ്രോസസ് ഒന്നും ആയിരുന്നില്ല. പിന്തുണച്ച് നിലപാടെടുക്കാന്‍ അധിക സമയം വേണ്ടിവന്നില്ല. പോസ്റ്റു കണ്ടപ്പോള്‍, അപ്പോൾ തന്നെ പങ്കുവയ്ക്കണമെന്നുതോന്നി. സെല്‍ഫ് മെയ‍‍ഡ് വുമണ്‍, ലേഡി സൂപ്പർസ്റ്റാർ എന്നു പറയാവുന്ന, തനിയെ കരിയര്‍ കെട്ടിപ്പടുത്ത നയന്‍താരയ്ക്ക് ഇങ്ങനെയൊരു തുറന്ന കത്ത് എഴുതേണ്ടി വന്നു. വെറുതെ എന്തെങ്കിലും പറയുന്ന ഒരാളല്ല അവര്‍, നമുക്കെല്ലാവര്‍ക്കും അവരെ അറിയാം. മൂന്നു പേജില്‍ അവര്‍ അനുഭവിച്ച കാര്യങ്ങള്‍ എഴുതേണ്ടി വന്നു. അതുകൊണ്ടാണല്ലോ അതിനെ തുറന്ന കത്ത് എന്നു പറയുന്നത്. അപ്പോള്‍ എനിക്ക് പിന്തുണയ്ക്കണമെന്നു തോന്നി. അതൊരു യഥാര്‍ഥ പ്രശ്നമാണ്. നയന്‍താരയെ പിന്തുണയ്ക്കുന്ന എല്ലാവരും ഈ കത്തില്‍ സത്യമുണ്ടെന്ന് വിശ്വസിക്കുന്നവരാണ്. ഒരു ഘട്ടം കഴിയുമ്പോള്‍ നമുക്ക് നമ്മളെ തന്നെ എല്ലാവരിലും കാണാന്‍ കഴിയും. അതുകൊണ്ടും കൂടിയാണിത്.

ഒരു മാറ്റത്തിനായോ തന്‍റെ അവകാശങ്ങള്‍ക്കായോ ആരു സംസാരിക്കുകയാണെങ്കിലും അവരെ പലരും ഒറ്റപ്പെടുത്തും. അത് ഞാന്‍ അനുഭവിച്ചതുകൊണ്ടുതന്നെ എനിക്കറിയാം. ആദ്യമായി സൈബര്‍ ആക്രമണം നേരിടുന്ന ആളുകൾക്ക് അത് നന്നായി ബാധിക്കും. അതൊരു ക്രൈമാണ്. ആരും ചെയ്യാന്‍ പാടില്ലാത്ത ഒന്ന്. പക്ഷേ അതൊന്നും ബാധിക്കാത്ത രീതിയിലേക്ക് നയന്‍താര മാറിയിട്ടുണ്ട്. അത്രയും പ്രതിസന്ധികളും നെഗറ്റിവിറ്റിയും തരണം ചെയ്തിട്ടാണ് അവര്‍ ഈ സ്ഥാനത്ത് എത്തിയത്. സൈബര്‍ ആക്രമണം ഒരു വഴിയില്‍ നടക്കും. അതിനായി തന്നെ ഇരിക്കുന്ന ആളുകളുണ്ട്. നമ്മളെ തരംതാഴ്ത്താന്‍ പലരും വരും. അതവര്‍ ചെയ്യട്ടെ. പക്ഷേ ന്യായം നീതി എന്നത് എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ള കാര്യമാണ്. എനിക്ക് പറയാന്‍ സ്പെയ്സ് കിട്ടിയാല്‍ ഞാന്‍ പറയും എന്നു തന്നെയാണ് നയന്‍താര പറയുന്നത്.

ഈ വിഷയത്തിൽ എല്ലാവർക്കും അവരെ പിന്തുണയ്ക്കാൻ സാധിക്കില്ലായിരിക്കും. ഞാൻ ആരെയും കുറ്റപ്പെടുത്തുകയല്ല. പക്ഷേ പിന്തുണ ഇല്ലായ്മ ഞാന്‍ അറിഞ്ഞിട്ടുണ്ട്. അതിലൂടെ കടന്നുപോയ ആളാണു ഞാന്‍. സപ്പോര്‍ട്ട് ലഭിച്ചപ്പോള്‍ അതെങ്ങിനെ എന്നെ മാറ്റിയെന്നും ഞാന്‍ അറിഞ്ഞിട്ടുണ്ട്. ആ രീതിയില്‍ ചിന്തിച്ചാൽ അത്തരക്കാര്‍ക്കുവേണ്ടി ഞാന്‍ എപ്പോഴും നിലകൊള്ളും, പ്രത്യേകിച്ചും അതൊരു സ്ത്രീയാണെങ്കില്‍’’ പാർവതി തിരുവോത്ത് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *