തിരുവനന്തപുരം: ഏത് തീരുമാനമെടുക്കുമ്പോഴും ഇടതുമുന്നണിയിൽ ഏകാഭിപ്രായമില്ലാ എന്നാണ് നേതാക്കളുടെ അവകാശവാദം. പക്ഷേ സമീപകാലത്തെ പല റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത് സിപിഎം തീരുമാനങ്ങൾ മാത്രമാണ് ഇടത് മുന്നണിയിൽ യതാർത്ഥ്യമാകുന്നത് എന്നതാണ്. ഇതോടുകൂടി സിപിഎം തീരുമാനങ്ങൾ മാത്രം നടപ്പിലാക്കാനാണെങ്കിൽ പിന്നെ ഇടതുമുന്നണി എന്തിന് എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇതിനിടെയിലും ഇടത് മുന്നണിക്കുള്ളിലെ കല്ലുകടി തുടരുന്നു എന്നാണ് സൂചന. ഇപ്പോഴത്തെ പ്രധാന വിഷയം സീ പ്ലെയിൻ പദ്ധതി. പദ്ധതിയെ ചൊല്ലി പാർട്ടിക്കുള്ളിൽ തർക്കം തുടങ്ങി എന്നാണ് വിലയിരുത്തൽ. പദ്ധതിക്കെതിരായ സിപിഐ വിമർശനത്തെ തള്ളി സിപിഐഎം രംഗത്തുവന്നതോടെയാണ് മുന്നണിയിൽ ഭിന്നത രൂക്ഷമെന്ന വിവരം പുറത്തായത്.
കഴിഞ്ഞ ദിവസം സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പദ്ധതിക്കെതിരെ ജനയുഗം പത്രത്തിലൂടെ പ്രതികരണം നടത്തിയിരുന്നു. ഇതോടെ വിഷയം ചർച്ചയായി. പദ്ധതികൾ കാരണം മത്സ്യത്തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകളെ ചൂണ്ടിക്കാട്ടുന്ന ലേഖനമാണ് അദ്ദേഹം പ്രസിദ്ധീകരിച്ചത്.
ജനയുഗം പത്രത്തിലൂടെയായിരുന്നു സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പദ്ധതിക്കെതിരെ സംസാരിച്ചത്. ‘മത്സ്യത്തൊഴിലാളികളും ജലവിമാന പദ്ധതികളും’ എന്ന ലേഖനത്തിലൂടെ അദ്ദേഹം വിമർശനമുന്നയിച്ചു. അന്താരാഷ്ട്ര മത്സ്യത്തൊഴിലാളി ദിനത്തിന്റെ ഭാഗമായാണ് ലേഖനം പ്രസിദ്ധീകരിച്ചത്.
ഗുജറാത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സീ പ്ലെയ്ൻ പദ്ധതി നഷ്ടക്കച്ചവടമായതിനാൽ ആരും മുതൽ മുടക്കാനുണ്ടായില്ലെന്ന് ലേഖനത്തിൽ ആഞ്ചലോസ് പറഞ്ഞിരുന്നു. തൊഴിലാളികൾ വികസന വിരുദ്ധരല്ലെന്നും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ താല്പര്യം കൂടി ഭരണവർഗം പരിഗണിക്കണമെന്നും പറയുന്നു. മത്സ്യത്തൊഴിലാളികൾക്ക് ജലവിമാന പദ്ധതിയേ വേണ്ടെന്ന നിലപാടില്ലെന്നും ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു. വിവിധ പദ്ധതികൾ കാരണം മത്സ്യത്തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകളെയും ലേഖനം ചൂണ്ടിക്കാട്ടി.
വല്ലാർപാടം ദുബായ് പോർട്ട്, കൊച്ചി തുറമുഖം, കപ്പൽശാഖ, നാവികത്താവളം, എൽഎൻജി ടെർമിനൽ, ഐഒസി തുടങ്ങിയ വികസന പ്രവർത്തനങ്ങളുടെ പേരിൽ ഏഴ് കിലോമീറ്റർ വരെ തേവര പാലം മുതൽ അഴിമുഖം വരെ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. ഇതിനെയൊന്നും എതിർത്തിട്ടില്ലെന്നും പദ്ധതികളുടെ ഇരകളായ മത്സ്യത്തൊഴിലാളികളുടെ ശബ്ദം ആരും ശ്രവിച്ചില്ലെന്നും ലേഖനത്തിൽ വിമർശിക്കുന്നു.
ഇതിന് പിന്നാലെയാണ് ആലപ്പുഴയിൽ സീപ്ലെയ്ൻ വരുന്നത് സ്വാഗതാർഹമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ പ്രതികരിച്ചത്. ആലപ്പുഴയുടെ വികസനത്തിന് സീപ്ലെയ്ൻ അത്യാവശ്യമാണ്. വേണ്ട പഠനം നടന്നിട്ടില്ലെന്ന വാദവും തെറ്റാണ്. ഇതുവരെയുള്ള പഠനത്തിൽ യാതൊരു പരിസ്ഥിതിക പ്രശ്നവും ഉണ്ടാകില്ലെന്നാണ് കണ്ടെത്തലെന്നും കായൽ മലിനീകരണം ഉണ്ടാകുമെന്നും മത്സ്യ സമ്പത്ത് കുറയുമെന്നുമുള്ള വാദങ്ങൾ തെറ്റാണെന്നും ആർ നാസർ പറഞ്ഞു.
സിപിഐക്ക് ചില തെറ്റിദ്ധാരണകൾ ഉണ്ടെന്നും വസ്തുതകൾ ബോധ്യപ്പെടുമ്പോൾ അവരും യോജിക്കുമെന്നും ആർ നാസർ പറഞ്ഞു. ഇതോട് കൂടെ മുന്നണിക്കുള്ളിൽ സീ പ്ലെയിൻ കല്ലുകടിയായെന്ന വാദമാണ് രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്ന്.
അതേ സമയം പദ്ധതിയുടെ തുടക്കത്തിൽ തന്നെ ചില വാദപ്രതിവാദങ്ങൾ ഉടലെടുത്തിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് യാത്ഥാർത്ഥ്യമാക്കാൻ ശ്രമിച്ച പദ്ധതിക്കെതിരെ അന്ന് പ്രധാനമായും രംഗത്ത് നിന്നവരാണ് ഇന്ന് അതേ പദ്ധതി പൊടിതട്ടിയെടുത്ത് ന്യായ വാദങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്. സംസ്ഥാന വികസനത്തിനല്ലേ എന്ന് കരുതി പലരും പദ്ധതിയെ പിൻതുണച്ചു.
പക്ഷേ ആരംഭത്തിൽ തന്നെ സ്വന്തം മുന്നണിയിൽ ഉയരുന്ന പ്രശ്നങ്ങൾകൊണ്ട് തലവേദനയാകുകയാണ് ഇടത് മുന്നണിക്ക് എന്നതാണ് വസ്തുത. 2013 ജൂൺ 2നു ടൂറിസം കോർപറേഷൻ ആരംഭിച്ച പദ്ധതിയാണ് കൊല്ലം സീ പ്ലെയിൻ. കൊല്ലം അഷ്ടമുടിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് സീ പ്ലെയിൻ സർവീസ് ഉദ്ഘാടനം ചെയ്തത്.
ആൻഡമാൻ നിക്കോബാറിനു ശേഷം ഈ പദ്ധതി കൊല്ലത്താണ് ഇന്ത്യയിലാദ്യമായി സ്ഥാപിക്കുന്നത്. ഒരു ആംഫീബിയൻ വിമാനം ഉപയോഗിച്ച് കൊല്ലം നഗരത്തെ മറ്റുള്ള വിനോദസഞ്ചാര കേന്ദ്രത്തിലേക്കും വിമാനത്താവളവുമായും ബന്ധിപ്പിക്കുന്ന പദ്ധതിയാണ്. പൈലറ്റ് അടക്കം ആറുപേർക്ക് സഞ്ചരിക്കാംവുന്നതാണ് സംസ്ഥാനത്തെ ആദ്യ സീപ്ലൈൻ.
കൊല്ലം ഡിറ്റിപിസി, കൊച്ചി ബോൾഗാട്ടി , കണ്ണൂർ, ബേക്കൽ എന്നിവിടങ്ങളിലും സീപ്ലൈനിനായി വാട്ടർഡ്രോം ഒരുക്കിയിട്ടുണ്ട്. സീപ്ലെയിനിനായി സജ്ജീകരിക്കുന്ന വാട്ടർഡ്രോമിലായിരിക്കും സെക്യൂരിറ്റി പരിശോധനയും വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കുന്നത്. ഒരു ഹൗസ് ബോട്ടാണ് വാട്ടർഡ്രോമാക്കി മാറ്റിയിരിക്കുന്നത്. എന്നാൽ പദ്ധതിക്കെതിരെ തുടരുന്ന എതിർപ്പ് പദ്ധതി നടത്തിപ്പിന് തടയാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.