ആക്ഷൻ റിവഞ്ച് ത്രില്ലറായ ‘പണി’ സിനിമയുടെ സംവിധാനകനായ നടൻ ജോജു ജോർജിനെ അഭിനന്ദിച്ച് കമൽഹാസൻ രംഗത്ത്. ചിത്രത്തിന്റെ തമിഴ് ഡബ്ബ് വേർഷൻ തമിഴ് സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായി മാറുന്നതിനിടെയാണ് സിനിമയെ പ്രശംസിച്ച് കമൽഹാസൻ രംഗത്ത് എത്തിയത്. കമൽ ഹാസനും ജോജുവും ഒപ്പമുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മികച്ച പ്രതികരണമാണ് ഇന്നലെ തമിഴ്നാട്ടിൽ നടത്തിയ സ്പെഷ്യൽ സ്ക്രീനിങ്ങിൽ നിന്ന് സിനിമക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ തമിഴ് ട്രെയിലറും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
ചിത്രത്തെ അഭിനന്ദിച്ച് സംവിധായകൻ ഭദ്രൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മലയാളത്തിന്റെ അനശ്വരനായ സത്യന് ശേഷം, ഭാവങ്ങൾക്കായി കണ്ണുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന നടനാണ് ജോജു എന്നാണ് ഭദ്രൻ പറഞ്ഞത്.
നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘പണി’. ഒരു ആക്ഷൻ റിവഞ്ച് ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. മികച്ച പ്രതികരണങ്ങൾ നേടിയ പണി ഇതുവരെ 35 കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും പണി നേടിയത്. ഇതോടെ ജോജുവിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന സിനിമയായി ‘പണി’ മാറി.
അതേ സമയം ചിത്രത്തിനെ സംബന്ധിച്ച് ചില വിവാദങ്ങളും കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. പണി സിനിമയെ കുറിച്ച് ആദർശ് എച്ച് എസ് എന്ന യുവാവ് സോഷ്യൽ മീഡിയയിൽ റിവ്യൂ പങ്കുവെച്ചതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ഉടലെടുത്തത്.