അവസാനമില്ലാതെ ദൃശ്യം മോഡല്‍ കൊലകള്‍

ദൃശ്യം’ സിനിമ മോഡല്‍ കൊലപാതകങ്ങളായിരുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം.

പ്രേമവും പകയും ചേര്‍ന്ന് ഒരുക്കിയ ആസൂത്രണം. വിജയലക്ഷ്മിയെ കൊന്ന ജയചന്ദ്രന്‍ ആരും അവരെ അന്വേഷിക്കില്ലെന്നാണ് കരുതിയത്. എന്നാല്‍ സഹോദരിയും കൂട്ടരും അന്വേഷിച്ചിറങ്ങിയെന്ന് മനസ്സിലാക്കി ചെയ്ത അതിബുദ്ധിയാണ് ജയചന്ദ്രനെ അഴിക്കുള്ളിലാക്കിയത്. അതെ… അമ്പലപ്പുഴ കരൂരിലേതും ‘ദൃശ്യം’ സിനിമാ മോഡല്‍ കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുന്നു. കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ വിജയലക്ഷ്മിയുടെ മൃതദേഹമാണ് നിര്‍മാണം നടക്കുന്ന വീടിനു സമീപത്ത് നിന്നും ഇന്നലെ പോലീസ് കുഴിച്ചെടുത്തത്.

ഈ അടുത്ത കാലത്ത് ഇത്തരത്തിൽ ഒട്ടനവധി സ്ത്രീകളെയാണ് കാണാതായത്. പോലീസ് അന്വേഷണത്തില്‍ ഇവരെല്ലാം തന്നെ കൊല ചെയ്യപ്പെട്ടതാണ് എന്നാണ് തെളിഞ്ഞത്. ഇതെല്ലാം തന്നെ ‘ദൃശ്യം’ സിനിമ മോഡല്‍ കൊലപാതകങ്ങളായിരുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം. വിജയലക്ഷ്മിയെ കൊന്ന ശേഷം മൃതദേഹം പുരയിടത്തില്‍ തന്നെ കുഴിച്ചിടുകയാണ് ചെയ്തത്. അതേസമയം, കൊലപാതകമാണെന്ന് തെളിഞ്ഞിട്ടും ആലപ്പുഴ മാന്നാറില്‍ കൊല ചെയ്യപ്പെട്ട ശ്രീകലയുടെ മൃതദേഹം കണ്ടെടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. അത്രയധികം ആസൂത്രിതമായാണ് ഈ കൊലപാതകങ്ങളില്‍ പലതും നടന്നിട്ടുള്ളത്.

കഴിഞ്ഞ ആറിനാണ് വിജയലക്ഷ്മിയെ കാണാതായത്. ഏഴാം തീയതി തന്നെ കൊല നടന്നുവെന്നാണ് പോലീസ് അനുമാനം. വിജയലക്ഷ്മിയുമായി അടുപ്പമുണ്ടായിരുന്ന ജയചന്ദ്രന്‍ യുവതിയെ കൊന്ന ശേഷം വീടിനു സമീപം കുഴിച്ചിടുകയായിരുന്നു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ട് എന്ന സംശയമാണ് കൊലപാതകത്തില്‍ എത്തിച്ചത്. ഈ മാസം ഏഴാം തീയതി നടന്ന കൊലപാതകമാണ് ഒന്നരയാഴ്ചയ്ക്ക് ശേഷം തെളിഞ്ഞത്. പിടിക്കപ്പെടില്ല എന്ന് തോന്നിയിരുന്നു എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

വിജയലക്ഷ്മിയെ കാണാതായ ശേഷം ബന്ധു നല്‍കിയ പരാതിയിലാണ് കൊലപാതകം തെളിഞ്ഞത്. വിജയലക്ഷ്മിയെ കൊന്ന് ശരീരം മറവുചെയ്ത ശേഷം മൊബൈല്‍ ഫോണ്‍ ജയചന്ദ്രന്‍ എറണാകുളം കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിക്കുകയായിരുന്നു. അന്വേഷണം വഴി തെറ്റിക്കാനാണ് ഓടുന്ന ബസില്‍ ഫോണ്‍ ഉപേക്ഷിച്ചത്. കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ ഫോണ്‍ പോലീസിന് കൈമാറി. കൊച്ചി പോലീസ് കരുനാഗപ്പള്ളി പോലീസിന് ഫോണ്‍ നല്‍കി. ഈ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജയചന്ദ്രനിലേക്ക് എത്തിയത്. അതേസമയം, ഈയിടെ കാണാതായ സുഭദ്ര എന്ന വയോധികയെ ആലപ്പുഴ തുറവൂരില്‍ വച്ച് കൊന്ന് പുരയിടത്തില്‍ കുഴിച്ചിടുകയായിരുന്നു.

സുഭദ്രയെ കാണുന്നില്ലെന്നുള്ള മകന്റെ പരാതിയിലെ അന്വേഷണത്തിലാണ് പ്രതികളായ മാത്യൂസ്, ശര്‍മിള എന്നിവര്‍ കുടുങ്ങിയത്. പ്രതികള്‍ക്ക് സുഭദ്രയുമായി അടുപ്പമുണ്ടായിരുന്നു. ഇവരുടെ വാടക വീട്ടില്‍ സുഭദ്ര താമസിക്കാന്‍ എത്താറുമുണ്ടായിരുന്നു. ഇവര്‍ക്കിടയിലെ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് വഴിവച്ചത്. വൃദ്ധയെ കൊന്നശേഷം ആഭരണങ്ങള്‍ കവര്‍ന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്. മണിപ്പാലില്‍ നിന്നാണ് ഒടുവില്‍ പ്രതികളെ പോലീസ് കുടുക്കിയത്.

കഴിഞ്ഞ ഏപ്രിലിലും ആലപ്പുഴയില്‍ സമാന കൊലപാതകം നടന്നിരുന്നു. പൂങ്കാവ് സ്വദേശി റോസമ്മയെ സ്വന്തം സഹോദരനാണ് കൊന്നു കുഴിച്ചിട്ടത്. വീടിന്റെ അടുക്കളയുടെ പിന്‍ഭാഗത്തായിരുന്നു കുഴിച്ചിട്ടിരുന്നത്. റോസമ്മയുടെ രണ്ടാം വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കയ്യബദ്ധം പറ്റിയെന്നാണ് പ്രതി ബെന്നി പോലീസിനോട് പറഞ്ഞത്.

ഇതിന് മുന്‍പ് കേരളത്തിനെ നടുക്കിയ കൊലപാതകമാണ് ഇലന്തൂര്‍ നരബലിക്കേസ്. 2022 ഒക്ടോബറിലാണ് ഈ കേസ് പുറത്തുവന്നത്. തമിഴ്‌നാട് ധർമപുരി സ്വദേശിനി കടവന്ത്രയിൽ താമസിച്ചിരുന്ന പദ്മയും കാലടിയിൽ ലോട്ടറിക്കച്ചവടം നടത്തിയിരുന്ന വടക്കാഞ്ചേരി സ്വദേശി റോസ്‌ലിനുമാണ് കൊല്ലപ്പെട്ടത്. പത്മയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിലെ അന്വേഷണത്തിലാണ് കേരളത്തെ നടുക്കിയ ദുർമന്ത്രവാദക്കൊല പുറത്തുവരുന്നത്. റോസ്‌ലിനെ കാണാതായതായി മകള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ റോസ്‌ലിനെ പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനുശേഷമാണ് പത്മയെ കാണാതായത്.

2022 സെപ്റ്റംബര്‍ 26നാണ് പത്മയെ കാണാന്‍ ഇല്ലെന്നു കാണിച്ച് കുടുംബം പരാതി നല്‍കുന്നത്. പത്മയെ തേടിയുള്ള അന്വേഷണത്തിലാണ് റോസ്‌ലിന്‍റെ കൊലപാതകം കൂടി തെളിഞ്ഞത്. പത്തനംതിട്ട ഇലന്തൂരിലേക്ക് തട്ടിക്കൊണ്ടുപോയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. നരബലി നടത്തിയാല്‍ സാമ്പത്തിക ഉന്നതിയും ഐശ്വര്യവും വരുമെന്ന് ഷാഫി ഇലന്തൂർ സ്വദേശി ഭഗവൽസിങ്, ഭാര്യ ലൈലയെയും വിശ്വസിപ്പിച്ചു. ഇതോടെയാണ് നരബലിയില്‍ ഇവരും ഒപ്പം കൂടിയത്.

പത്മയെയും റോസിലിനെയും കൊലപ്പെടുത്തി ഇലന്തൂരിലെ വാടകവീട്ടില്‍ തന്നെ കുഴിച്ചിടുകയായിരുന്നു. ഇവരുടെ ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെന്നും പാകം ചെയ്ത് ഭക്ഷിച്ചുവെന്നുമൊക്കെ പ്രതികള്‍ വെളിപ്പെടുത്തിയത് കേരളത്തിന്റെ മനസാക്ഷിയെ തന്നെ ഞെട്ടിച്ചു. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി,ഇലന്തൂർ സ്വദേശി ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരാണ് കേസിലെ പ്രതികള്‍. ഈ കേസുകളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments