മോസ്‌കോ: റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനായി കിമ്മിന് വെറൈറ്റി സമ്മാനങ്ങളുമായി പുടിന്‍. മോസ്‌കോയും പ്യോങ്യാങ്ങും തമ്മിലുള്ള സൗഹൃദത്തിന്റെ അടയാളമായിട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉത്തര കൊറിയയുടെ കിമ്മിന് നല്‍കിയത് ഒരു സിംഹവും രണ്ട് കരടികളും 40 താറാവുകളെയുമാണ്. രാജ്യ തലവന്‍മാര്‍ തമ്മില്‍ ഇത്തരത്തിലൊരു സമ്മാനം കൈമാറുന്നത് ഒരു പക്ഷേ അപൂര്‍വ്വമാണ്.
ഉക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണത്തിനിടയില്‍ ഇരു രാജ്യങ്ങളും രാഷ്ട്രീയവും സൈനികവും സാംസ്‌കാരികവുമായ ബന്ധം ആഴത്തിലാക്കിയിരുന്നു. മോസ്‌കോ മൃഗശാലയില്‍ നിന്ന് പ്യോങ്യാങ് മൃഗശാലയിലേക്ക് ഈ സമ്മാന മൃഗങ്ങളെ മാറ്റിയിട്ടുണ്ട്. ‘ഒരു ആഫ്രിക്കന്‍ സിംഹം, രണ്ട് തവിട്ട് കരടികള്‍, രണ്ട് വളര്‍ത്തു യാക്കുകള്‍, അഞ്ച് വെള്ള കൊക്കറ്റൂകള്‍, വിവിധ ഇനങ്ങളിലുള്ള 25ലധികം ഫെസന്റുകള്‍, 40 താറാവുകള്‍ എന്നിവയെയാണ് പുടിന്‍ ഉത്തരകൊറിയയ്ക്ക് സമ്മാനിച്ചത്.
അതേസമയം, സിംഹത്തിനുള്‍പ്പടെ മറ്റ് മൃഗങ്ങളെല്ലാം പെട്ടെന്ന് തന്നെ പുതിയ ആവാസ വ്യവസ്ഥയുമായി പൊരുത്തപ്പെട്ടു വെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കിമ്മിന് ഏറെ പ്രിയപ്പെട്ട 24 ഹൈ ബ്രീഡ് കുതിരകളെ പുടിന്‍ മുമ്പ് സമ്മാനിച്ചിരുന്നു. അന്ന് കിം പ്രത്യുപകാരമായി പുടിന് ഒരു ജോടി പ്രാദേശിക നായ്ക്കളെയാണ് അയച്ചു നല്‍കിയത്.