
തന്നെ കർണ്ണനാക്കിയ ദിവ്യക്ക് പിന്തുണയുമായി പിണറായിയെ സൂര്യനോട് ഉപമിച്ച് രാഗേഷിന്റെ മറുപടി
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് മുൻ പ്രൈവറ്റ് സെക്രട്ടറിയും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ കെ.കെ. രാഗേഷ്. ത്യാഗപൂർണ്ണമായ ജീവിതമാണ് അദ്ദേഹത്തിന്റേതെന്നും സഹജീവികൾക്ക് വേണ്ടി കത്തിയെരിയുന്ന സൂര്യനാണ് പിണറായി വിജയനെന്നും കെ.കെ. രാഗേഷ് പറഞ്ഞു. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കെ.കെ. രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.
ദുരന്തങ്ങളുണ്ടായ ശേഷം അതിജീവനത്തിലേക്ക് ജനങ്ങളെ എത്തിച്ച ശേഷം മാത്രമേ വിശ്രമിക്കാവൂ എന്ന് തീരുമാനിച്ച ഭരണാധികാരിയാണ് പിണറായി വിജയൻ. ഒരു പ്രൊഫഷണൽ എങ്ങനെയാണ് കാര്യങ്ങൾ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതിന്റെ ഏറ്റവും വലിയ മാതൃകയാണ് മുഖ്യമന്ത്രിയെന്നും രാഗേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
സിഎം ഓഫീസിലെ ഔദ്യോഗിക ചുമതല വെടിഞ്ഞു കണ്ണൂരിലേക്ക് വരുമ്പോൾ സഹപ്രവർത്തകർ പങ്കുവെച്ച ചില അഭിപ്രായങ്ങൾ ചിലർ ദുഷ്ടലാക്കോടെ വിവാദമാക്കുകയുണ്ടായല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് രാഗേഷിന്റെ കുറിപ്പ് ആരംഭിക്കുന്നത്. അത് കോണ്‍ഗ്രസ് മുൻ എംഎല്‍എ ശബരീനാഥന്റെ ഭാര്യ ദിവ്യ എസ് അയ്യർ ഐഎഎസ് അദ്ദേഹത്തെ പുകഴ്ത്തി പോസ്റ്റിട്ടതിനെ സൂചിപ്പിച്ചുകൊണ്ടുള്ളതാണെന്ന് വ്യക്തം. രാഗേഷിനെ കെകെആറെന്ന ചുരുക്കപ്പേരിലും കർണനെന്ന ഇതിഹാസ താരത്തോടും ഉപമിച്ചാണ് ദിവ്യ ഫേസ്ബുക്കില്‍ പുകഴ്ത്തല്‍ പോസ്റ്റിട്ടത്. അതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ സൂര്യനോട് ഉപമിച്ചുകൊണ്ടുള്ള രാഗേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.