ദില്ലി : ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം. താരത്തിന് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പരാതി നൽകിയത് എട്ടു വർഷത്തിനു ശേഷമാണെന്ന വാദം പരിഗണിച്ചാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
പരാതിയിലെ കാലതാമസം ഉന്നയിച്ചാണു സിദ്ദിഖ് ജാമ്യാപേക്ഷ നൽകിയത്. ജാമ്യഹർജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാമെന്നും ഇടക്കാല ജാമ്യം അതുവരെ തുടരുമെന്നും കഴിഞ്ഞമാസം 22ന് സുപ്രീം കോടതി അറിയിച്ചിരുന്നു. അങ്ങനെ നിലവില്‍ സിദ്ദിഖ് ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ആഴ്ച ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ദിഖിന്‍റെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയുടെ ആവശ്യപ്രകാരമാണ് കേസ് ഇന്നത്തേക്ക് മാറ്റിവെച്ചിരുന്നത്.
അതേസമയം, ധൈര്യമില്ലാത്തത് കൊണ്ടാണ് പരാതി നല്‍കാന്‍ എട്ടര വര്‍ഷം വൈകിയതെന്നായിരുന്നു പരാതിക്കാരി പറയുന്നത്. കരിയര്‍ അവസാനിപ്പിക്കുമെന്ന് സിദ്ദിഖ് ഭീഷണിപ്പെടുത്തിയിരുന്നു. പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയത്. 2019ൽ തന്നെ ഇക്കാര്യം പൊതു സമൂഹത്തിൽ തുറന്നു പറഞ്ഞിരുന്നു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെട്ടെന്നും പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു.