ഐഎഎസ് ചുമതലകൾ വേണമെന്ന് കെഎഎസ്; സംസ്ഥാനം ഭരണസ്തംഭനത്തിലേക്ക്‌

Kerala Secretariat KAS and IAS

ഐഎഎസ് കസേരകൾ വേണം. കിട്ടിയത് അപ്രധാന തസ്തികകൾ എന്ന് കെഎഎസ് ഉദ്യോഗസ്ഥർ. പ്രധാന തസ്തികകൾ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെഎഎസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി.

231 ഐഎഎസ് ഉദ്യോഗസ്ഥർ വേണ്ടിടത്ത് 126 ഐഎഎസുകാർ മാത്രമാണ് സംസ്ഥാനത്തുള്ളത്. അതുകൊണ്ട് തന്നെ ഭൂരിഭാഗം ഐഎഎസ് ഉദ്യോഗസ്ഥർക്കും നാലും അഞ്ചും വകുപ്പുകളുടെ ചുമതല ഉണ്ട്. ഇതു മൂലം ഫയലുകൾ കെട്ടിക്കിടക്കുകയാണ്. 3 ലക്ഷം ഫയലുകളാണ് സെക്രട്ടറിയേറ്റിൽ കെട്ടി കിടക്കുന്നത് എന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ധനവകുപ്പിൽ മാത്രം 26257 ഫയലുകൾ കെട്ടി കിടക്കുന്നു. ഐഎഎസുകാരുടെ ജോലി ഭാരം കുറയ്ക്കാൻ കെഎഎസ് ഉദ്യോഗസ്ഥർക്ക് പ്രധാന തസ്തികകളുടെ ചുമതല നൽകിയേക്കും. പരിചയ സമ്പത്ത് കുറവായ കെഎഎസ് ഉദ്യോഗസ്ഥർ പ്രധാന തസ്തികയിൽ ഇരുന്നാൽ ഭരണരംഗത്ത് തിരിച്ചടി ഉണ്ടാകുമോ എന്ന ആശങ്കയും ഉയരുന്നു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. 104 കെഎഎസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് ഉള്ളത്.

വേണ്ടത്ര ഐഎഎസ് ഉദ്യോഗസ്ഥരില്ലാത്തതിനാൽ സർക്കാരിന്റെ മിക്ക വകുപ്പുകളുടെയും പ്രവർത്തനം മന്ദഗതിയിലാണ്. വേണ്ടപ്പെട്ട ഉദ്യോഗസ്ഥർക്കു നാലും അഞ്ചും വകുപ്പുകളും, അല്ലാത്തവർക്ക് കുറച്ചു വകുപ്പുകളും എന്നതാണു സ്ഥിതി. സുപ്രധാന വകുപ്പുകൾ പോലും ശ്രദ്ധിക്കാനാകാതെ ഉദ്യോഗസ്ഥർ വലയുകയാണ്. 231 ഐഎഎസ് ഉദ്യോഗസ്ഥർ വേണ്ടിടത്ത് 126 പേർ മാത്രമാണുള്ളത്. ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥർ കേന്ദ്ര ഡപ്യൂട്ടേഷനിലാണ്. പലരും മറ്റു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു നിരീക്ഷകരായി പോയതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഏറ്റവും സീനിയറായ മനോജ് ജോഷിയും രാജേഷ്‌കുമാർ സിങ്ങും കേന്ദ്ര ഡപ്യൂട്ടേഷനിൽ തുടരുന്നതിനാലാണ് വി.വേണു വിരമിച്ചപ്പോൾ സീനിയോറിറ്റിയിൽ തൊട്ടുപിന്നിലുള്ള ശാരദ മുരളീധരനെ ചീഫ് സെക്രട്ടറിയാക്കിയത്. ശാരദ കഴിഞ്ഞാൽ സീനിയറായ 1990 ബാച്ചിലെ കമലവർധന റാവുവും കേന്ദ്രത്തിലാണ്. തൊട്ടുതാഴെയുള്ള രാജു നാരായണസ്വാമി നടപടികൾ നേരിടേണ്ടി വന്നതുകാരണം ഇപ്പോഴും പ്രിൻസിപ്പൽ സെക്രട്ടറി മാത്രമാണ്.

സർക്കാരിനു താൽപര്യമില്ലാത്തതിനാൽ അദ്ദേഹത്തിന് പാർലമെന്ററികാര്യ വകുപ്പിന്റെ ചുമതല മാത്രമാണു നൽകിയിരിക്കുന്നത്. ധന അഡിഷനൽ ചീഫ് സെക്രട്ടറിയായ ഡോ.എ.ജയതിലകാണു തൊട്ടുപിന്നിൽ. ധന സെക്രട്ടറിമാർക്കു മറ്റു വകുപ്പുകളുടെ ചുമതല നൽകാറില്ലെങ്കിലും ആൾക്ഷാമം കാരണം നികുതി വകുപ്പിന്റെ ചുമതലയും ജയതിലകിനാണ്. സെക്രട്ടേറിയറ്റിൽ 10 സെക്ഷനുള്ള വലിയ വകുപ്പാണിത്. പുതിയ കണക്കു പ്രകാരം ധനവകുപ്പിൽ മാത്രം 26,257 ഫയലുകളാണു കെട്ടിക്കിടക്കുന്നത്. സെക്രട്ടേറിയറ്റിൽ ആകെ കെട്ടിക്കിടക്കുന്ന ഫയലുകൾ 3 ലക്ഷം കവിഞ്ഞു. വകുപ്പു സെക്രട്ടറിമാർ പല വകുപ്പുകൾ ഒരേ സമയം കൈകാര്യം ചെയ്യുന്നതിനാൽ തീരുമാനം വൈകുന്നുവെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. സർക്കാരിനു വേണ്ടപ്പെട്ട ഉദ്യോഗസ്ഥനായ കെ.ആർ.ജ്യോതിലാലിന് പൊതുഭരണം, വനം, ഊർജ്ജം, ഗതാഗതം എന്നീ 4 സുപ്രധാന വകുപ്പുകളുടെ ചുമതലയുണ്ട്. 5 വകുപ്പുകൾ ഒരേസമയം കൈകാര്യം ചെയ്തിരുന്ന എ.കൗശികൻ ഫയൽ നോക്കാൻ സമയം കിട്ടുന്നില്ലെന്നു പരാതിപ്പെട്ടതോടെ മൃഗസംരക്ഷണ വകുപ്പ് ഒഴിവാക്കി.

പുനീത്കുമാറിനു 4 വകുപ്പുകളും ബിജു പ്രഭാകറിനും ടിങ്കു ബിസ്വാളിനും 3 വകുപ്പുകൾ വീതവുമുണ്ട്. ഇത്രയേറെ അധിക ചുമതലകൾ കാരണം മന്ത്രിമാർ വിളിക്കുന്ന യോഗത്തിന് പോലും പലർക്കും എത്താൻ കഴിയുന്നില്ല. സിപിഎം പാർട്ടി കോൺഗ്രസ് വരാനിരിക്കുന്നതിനാൽ ഇത്തവണ ബജറ്റ് ജനുവരിയിൽ തന്നെ അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ കഴിഞ്ഞ ബജറ്റിലെ പദ്ധതികളിൽ 33 ശതമാനം മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളൂ..

ആവശ്യമില്ലാത്തവ ഒഴിവാക്കണമെന്ന മന്ത്രിസഭാ തീരുമാനം നടപ്പാക്കുന്നതിലും മെല്ലെപ്പോക്കാണ്. അതേസമയം, നിയമനം ലഭിച്ച തസ്തികകൾ അപ്രധാനമാണെന്നും അതിനാൽ മറ്റു പ്രധാന വകുപ്പുകളിലേക്കു മാറ്റി നിയമിക്കണമെന്നും ആവശ്യപ്പെട്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്കു പരാതി നൽകി. ഇതു ചർച്ച ചെയ്യാൻ വകുപ്പു സെക്രട്ടറിമാരുടെ യോഗം വിളിച്ചിരിക്കുകയാണ് ചീഫ് സെക്രട്ടറി. 104 കെഎഎസ് ഉദ്യോഗസ്ഥരാണ് സർവീസിലുള്ളത്. ഇവരെ നിയമിക്കാൻ പ്രധാന തസ്തികകൾ കണ്ടെത്താൻ കഴിയാത്തതിനാൽ ഒഴിവുള്ള ചില അപ്രധാന തസ്തികകളിൽ നിയമിച്ചിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറവു പരിഹരിക്കാൻ കെഎഎസ് ഉദ്യോഗസ്ഥരുടെ നിയമനമാറ്റം വഴി സാധിക്കുമോ എന്നാണ് സർക്കാർ ആലോചിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments