ഇറാന്‍; ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനി രോഗാവസ്ഥയിലാണെന്നും കോമയിലാകാന്‍ വരെ സാധ്യതയുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് കുറച്ച് മണിക്കൂറുകളായി പുറത്ത് വരുന്നത്. 85 കാരനായ ഖമേനി അസുഖത്തിന്റെ പിടിയലമര്‍ന്നുവെന്നും സെപ്തംബറില്‍ നടന്ന ഒരു രഹസ്യ യോഗത്തില്‍ തന്റെ പിന്‍ഗാമിയായി 55 വയസ്സുള്ള മകന്‍ മൊജ്തബ ഖമേനിയെ അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്‌തെന്നും അന്തര്‍ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നു.
ഇസ്രായേലിന്‍രെ ആക്രമണം ശക്തമാകുന്നതിനാല്‍ പല മുന്നറിയിപ്പുകളും ഇറാന്റെ പരമോന്നത നേതാവ് നല്‍കിയിരുന്നു. രോഗിയായ അയത്തുള്ള അലി ഖമേനി മരണത്തിന് മുമ്പ് സ്ഥാനത്യാഗം ചെയ്തേക്കാമെന്നും പിതാവ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ മകന്‍ മൊജ്തബ ഖമേനി പ്രധാന റോള്‍ ഏറ്റെടുക്കുമെന്നും ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഇസ്രായേലുമായി രാജ്യം രൂക്ഷമായ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ് ഈ സംഭവവികാസം ഉണ്ടായിരിക്കുന്നത്. ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാന്‍ 180 മിസൈലുകള്‍ വിക്ഷേപിച്ചതിന് ശേഷം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആയത്തുള്ള അലി ഖമേനി തന്റെ ആദ്യ പ്രസംഗം കഴിഞ്ഞ മാസം നടത്തിയത്. ഒക്ടോബര്‍ 5 ന് തന്റെ അപൂര്‍വ പ്രഭാഷണത്തില്‍ ഇസ്രായേലിനെതിരായ ഫലസ്തീന്‍, ലെബനീസ് പ്രസ്ഥാനങ്ങളെ പിന്തുണച്ചതിനാല്‍ ഇസ്രായേല്‍ ‘അധികകാലം നിലനില്‍ക്കില്ല’ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ടെഹ്റാനിലെ ഒരു പള്ളിയില്‍ പതിനായിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്തായിരുന്നു അന്ന് ഖമേനിയുടെ പ്രസംഗം നടന്നത്.