
സാമ്പത്തിക തട്ടിപ്പ്; ഗൗതം ഗംഭീറിനെ വിട്ടയച്ച ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ
ഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിലവിലെ മുഖ്യ പരിശീലകനുമായ ഗൗതം ഗംഭീറിനെയും മറ്റുള്ളവരെയും വിട്ടയച്ചത് ചോദ്യം ചെയ്ത കോടതി ഉത്തരവിന് ഡല്‍ഹി ഹൈക്കോടതിയുടെ സ്‌റ്റേ. കേസില്‍ തന്നെ വിട്ടയച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയ സെഷന്‍സ് കോടതി വിധിയെ ചോദ്യം ചെയ്ത് ഗംഭീര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് മനോജ് കുമാര്‍ ഒഹ്രി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ഡല്‍ഹി സര്‍ക്കാരിന്റെ പ്രതികരണം തേടുകയും ചെയ്തിരുന്നു.
വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. 2011ല്‍ ‘സെറ ബെല്ല’ എന്ന ഭവന പദ്ധതിക്കായി പ്രവര്‍ത്തിച്ച രുദ്ര ബില്‍ഡ്വെല്‍ റിയല്‍റ്റി പ്രൈവറ്റ് ലിമിറ്റഡ്, എച്ച്ആര്‍ ഇന്‍ഫ്രാസിറ്റി പ്രൈവറ്റ് ലിമിറ്റഡ്, യുഎം ആര്‍ക്കിടെക്ചേഴ്സ് ആന്‍ഡ് കോണ്‍ട്രാക്ടേഴ്സ് ലിമിറ്റഡ് എന്നീ കമ്പനികളുടെ സംയുക്ത സംരംഭത്തിന്റെ ഡയറക്ടറും ബ്രാന്‍ഡ് അംബാസഡറുമായിരുന്നു ഗംഭീര്‍.
എന്നാല്‍, പിന്നീട് ഇതിനുള്ള ഭൂമിയെ സംബന്ധിച്ച് പ്രശ്‌നമുണ്ടാവുകയും സാമ്പത്തിക തട്ടിപ്പിനിരയായെന്ന് മനസിലായതോടെ ഇതിലെ ഉപഭോക്താക്കള്‍ കേസ് നല്‍കുകയും ചെയ്യുകയായിരുന്നു. പ്രതികള്‍ക്കെതിരെ പോലീസ് വഞ്ചനാ കുറ്റം ചുമത്തി യിരുന്നു. കേസ് വന്നതോടെ ഗംഭീര്‍ തന്‍രെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം രാജിവച്ചിരുന്നു.