
പാലക്കാട്ട് സ്കൂൾ വിദ്യാർഥികൾക്കു മേൽ ലോറി പാഞ്ഞുകയറി; 4 പെൺകുട്ടികൾക്ക് ദാരുണാന്ത്യം
പാലക്കാട് കല്ലടിക്കോട്ട് സ്കൂൾ വിദ്യാർഥിനികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി നാല് മരണം. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ഇർഫാന, മിദ, റിദ, ആയിഷ എന്നീ പെണ്‍കുട്ടികളാണ് മരിച്ചത്.
പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥിനികൾ വീട്ടിലേക്കു മടങ്ങാൻ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി പാഞ്ഞുവരുന്നതു കണ്ട് ഒരു വിദ്യാർഥിനി ചാടിമാറി. മറ്റു കുട്ടികളുടെ മുകളിലേക്കു ലോറി മറിയുകയായിരുന്നു. കുട്ടികളെ കരിമ്പയിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
പാലക്കാട്ടുനിന്ന് സിമന്റ് കയറ്റി വന്ന ലോറി മറ്റൊരു ലോറിയിലിടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് സൂചന. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. സിമൻ്റ് ലോറി ഭാഗികമായി ഉയർത്തിയിട്ടുണ്ട്. ലോറിക്കടിയിൽ 5 കുട്ടികൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
മരിച്ച മൂന്ന് പെണ്‍കുട്ടികളുടെ മൃതദേഹങ്ങളും തച്ചമ്പാറ ഇസാഫ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച നാലുപേരും പെൺകുട്ടികളാണ്. പരിക്കേറ്റ രണ്ട് ലോറി ഡ്രൈവർമാരും മദർ കെയർ ആശുപത്രിയിലുണ്ട്. എന്നാൽ ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അപകട വിവരം അറിഞ്ഞ് കുട്ടികളുടെ മാതാപിതാക്കൾ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.
അപകടം നടന്നയുടനെ തന്നെ നാട്ടുകാർ ഉൾപ്പെടെ ചേർന്ന് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. നിയന്ത്രണം വിട്ടെത്തിയ ലോറി വിദ്യാർത്ഥികളുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നു. സ്കൂളിന് സമീപത്ത് വെച്ചാണ് ദാരുണാപകടം ഉണ്ടായത്.
സിമൻറ് ലോഡ് കയറ്റി വന്ന ലോറി വിദ്യാർത്ഥികളെ ഇടിച്ചുകയറിയശേഷം റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി. വിവിധ ആംബുലൻസുകളിലായാണ് പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രികളിലെത്തിച്ചത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്.