
‘കൊമ്പുകള്‍ ഇനി കളറാകും’, അലഞ്ഞു തിരിയുന്ന കന്നുകാലികളില്‍ ഛായം പൂശാന്‍ സര്‍ക്കാര്‍
റായ്പൂര്‍: രാത്രി അപകടങ്ങള്‍ ഛത്തീസ്ഗഡില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വെറൈറ്റി പ്രാരംഭ നടപടിയുമായി സര്‍ക്കാര്‍. റോഡുകളില്‍ അലഞ്ഞു തിരിയുന്ന കന്നുകാലികളുടെ കൊമ്പ് കളര്‍ ചെയ്യാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ സംസ്ഥാനത്തുടനീളം 308 അപകടങ്ങളും 231 മരണങ്ങളും 64 പേര്‍ക്ക് പരിക്കുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് സര്‍ക്കാരിന് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നത്.
റോഡുകളിലെ ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കുന്നതിനുള്ള വിലപ്പെട്ട ചുവടുവയ്പായിരിക്കും ഈ നീക്കം. അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ കാരണം രാത്രിയില്‍ നിരവധി അപകടങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ മാറ്റം. റോഡില്‍ കിടക്കുന്ന കന്നുകാലികളുടെ കൊമ്പുകള്‍ക്ക് നിറം നല്‍കാന്‍ മൃഗസംരക്ഷണ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനുപയോഗിക്കുന്ന പെയിന്റ് ഗുണനിലവാരമുള്ളതായിരിക്കണമെന്നും നിര്‍ബന്ധമുണ്ട്.
രാത്രികാലങ്ങളില്‍ റൂട്ടില്‍ കന്നുകാലികളെ കണ്ടെത്തുന്നതിന് വാഹനമോടിക്കുന്ന ഡ്രൈവര്‍ക്ക് ഇത് മുന്നറിയിപ്പ് നല്‍കും. തെരുവില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ക്ക് കോളര്‍ ബെല്‍റ്റ് കെട്ടാനും നിര്‍ദേശമുണ്ട്. മാത്രമല്ല, ഗ്രാമങ്ങളില്‍ ഇത്തരം കന്നുകാലികള്‍ക്കായി തൊഴുത്തുകളോ അനുബന്ധ കെട്ടിടങ്ങളോ സ്ഥാപിക്കാനും ലക്ഷ്യമുണ്ട്.