ടോക്കിയോ: 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ന്യൂക്ലിയര്‍ റിയാക്ടര്‍ വൈദ്യുതി ഉല്‍പ്പാദനം പുനരാരംഭിച്ച് ജപ്പാന്‍. വടക്കു കിഴക്കന്‍ ജപ്പാനിലെ മിയാഗി പ്രിഫെക്ചറിലെ ഒനാഗാവ ആണവനിലയത്തിലാണ്, 2011 മാര്‍ച്ചില്‍ ഫുകുഷിമ ആണവ ദുരന്തത്തിന് ശേഷം ആദ്യമായി വൈദ്യുതി ഉല്‍പ്പാദനം ജപ്പാന്‍ പുനരാരംഭിച്ചത്. ഔട്ട്പുട്ട് ക്രമാനുഗതമായി വര്‍ധിപ്പിക്കു ന്നതിനിടയില്‍ എന്തെങ്കിലും അസ്വാഭാവികതകള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള ഒരു അഡ്ജസ്റ്റ്‌മെന്റ് ഓപ്പറേഷന് ശേഷം, ഉപകരണ പരിശോധനകള്‍ക്കായി റിയാക്ടര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും ബന്ധപ്പെട്ട വകുപ്പിന്റെ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഡിസംബറില്‍ റിയാക്ടര്‍ പൂര്‍ണ്ണ വാണിജ്യ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. 825,000 കിലോവാട്ട് റിയാക്ടര്‍, അതിന്റെ ശേഷിയുടെ 70 ശതമാനത്തില്‍ ഒരു വര്‍ഷത്തേക്ക് പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍, 1.62 ദശലക്ഷം കുടുംബങ്ങളുടെ വൈദ്യുതി ഉപഭോഗത്തിന് തുല്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്ന് തോഹോകു ഇലക്ട്രിക് കമ്പിനി പറയുന്നു.
നമ്പര്‍ 2 റിയാക്ടര്‍ ഒക്ടോബര്‍ 29-ന് വീണ്ടും സജീവമാക്കിയെങ്കിലും അളക്കല്‍ ഉപകരണത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നവംബര്‍ 4-ന് നിര്‍ത്തിവച്ചു. തകരാര്‍ പരിഹരിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച വീണ്ടും റിയാക്ടര്‍ പുനരാരംഭിച്ചു. 2011 മാര്‍ച്ച് 11 ന് ഉണ്ടായ വന്‍ ഭൂകമ്പവും സുനാമിയും മൂലം രാജ്യത്തെ ഏറ്റവും വലിയ ആണവ അപകടത്തിന് കാരണമായിരുന്നു.