ശിവകാർത്തികേയനെ നായകനാക്കി രാജ്‌കുമാർ പെരിയസ്വാമി സംവിധാനം ചെയ്ത ചിത്രം അമരനിലെ ഓഡിയോ ഗാനം റിലീസ് ചെയ്തു. ‘ഉയിരെ..’ എന്ന ഗാനമാണ് പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ ഈ ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. വിവേക് എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ജി വി പ്രകാശ് കുമാറാണ്.
നകുൽ അഭ്യങ്കർ, രമ്യ ഭട്ട് അഭ്യങ്കർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അതേസമയം, ദീപാവലി റിലീസായെത്തിയ ചിത്രം ഇതിനോടകം തന്നെ 250 കോടി കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. ശിവ കാർത്തികേയന്റെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രം കൂടിയാണ് അമരൻ. രജനികാന്ത്, വിജയ്, കമല്‍ ഹാസന്‍ എന്നിവർ മാത്രമാണ് ഇതിന് മുൻപ് സോളോ ഹീറോ ചിത്രങ്ങളിലൂടെ 200 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുള്ളത്. രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ശിവകാർത്തികേയന്റെ നായികയായെത്തിയത് സായ് പല്ലവിയാണ്. ആദ്യമായിട്ടാണ് ഇരുവരും ഒരുചിത്രത്തിൽ അഭിനയിക്കുന്നത്. എന്നാൽ ഒരുമിച്ചഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ കഥയാണ് അമരൻ പറയുന്നത്. ഭുവൻ അറോറ, രാഹുല്‍ ബോസ്, ശ്രീകുമാര്‍, വികാസ് ബംഗര്‍ തുടങ്ങിയവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.