സിനിമാ പ്രേമികളുടെ പ്രശംസ വളരെയേറെ നേടിയ ചിത്രമാണ് പൃഥ്വിരാജ് സുകുമാരൻ നായകനായ ‘ആടുജീവിതം’. ലോകോത്തര നിലവാരം പുലർത്തിയ ചിത്രത്തിന് സിനിമാ കേന്ദ്രങ്ങളിൽ നിന്നുള്ള അനുമോദനങ്ങൾ ഇപ്പോളും തുടരുകയാണ്. ഈ വർഷം ആദ്യം തിയേറ്ററുകളിൽ എത്തി ബോക്സ് ഓഫീസ് ഹിറ്റായ ചിത്രം നിരവധി അവാർഡുകളും നേടിയിരുന്നു. ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതം നിർവ്വഹിച്ചിരിക്കുന്നത് എ.ആർ. റഹ്‌മാനാണ്. ഇപ്പോൾ ഇതിലെ ഗാനങ്ങൾക്ക് ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ്‌സ് (എച്ച്എംഎംഎ) 2024-ലെ ഔദ്യോഗിക എൻട്രിയായി മാറിയിരിക്കുകയാണ്.
രണ്ട് വിഭാഗങ്ങളിലായാണ് എ.ആർ. റഹ്‌മാനെ നോമിനേറ്റ് ചെയ്തിരിക്കുന്നത്. റഫീഖ് അഹമ്മദ് രചിച്ച് ജിതിൻ രാജ് പാടിയ ‘പെരിയോനെ’ എന്ന ഗാനത്തിനുള്ള ഫീച്ചർ ഫിലിമിലെ മികച്ച ഗാനത്തിനുള്ളതാണ് ആദ്യത്തേത്.
ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനാണ് രണ്ടാമത്തെ നോമിനേഷൻ. വിദേശ ഭാഷ സ്വതന്ത്ര ചലച്ചിത്ര വിഭാഗത്തിനുള്ള മികച്ച സ്‌കോറിൽ പരിഗണനാ പട്ടികയിലാണ് ഇത് ഉൾപ്പെട്ടിരിക്കുന്നത്. ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡുകൾ സിനിമകളിലും ടിവിയിലും ഗെയിമുകളിലും മറ്റും ഉപയോഗിച്ച യഥാർത്ഥ സംഗീതങ്ങൾക്ക് അവാർഡ് നൽകുന്ന ചടങ്ങാണ്. നവംബർ 20 ന് ലോസ് ഏഞ്ചൽസിലാണ് അവാർഡ് പ്രഖ്യാപനം. എൽട്ടൺ ജോൺ, മൈലി സൈറസ്, ഫാരൽ വില്യംസ് തഹാൻസ് സിമ്മർ, ഹാരി ഗ്രെഗ്സൺ-വില്യംസ് തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകരും പരിപാടിയുടെ ഭാഗമാകും.