ഉയര്‍ന്ന ശബ്ദവും ഫ്ലാഷ് ലൈറ്റുകളും പ്രശ്നം; എല്ലാ പാട്ടുകളും പാടാൻ അനുവാദമില്ല; ഗായകന്‍ ദില്‍ജിത്ത് ദോസഞ്ജിന് സർക്കാരിന്റെ നോട്ടീസ്

ഹൈദരാബാദ്: ഗായകന്‍ ദില്‍ജിത്ത് ദോസഞ്ജിന് തെലങ്കാന സർക്കാരിന്റെ നോട്ടീസ്. ഗായകന്‍ അവതരിപ്പിക്കുന്ന ദില്‍-ലുമിനാണ്ടി സംഗീത പരിപാടി ഹൈദരാബാദില്‍ നടക്കാനിരിക്കെയാണ് പാടാൻ അനുവാദമുള്ള പാട്ടുകളെ കുറിച്ചുള്ള നിബന്ധകൾ സർക്കാർ അറിയിച്ചിരിക്കുന്നത്.

തത്സമയ പരിപാടിയില്‍ ദില്‍ജിത്ത് ലഹരിയേയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകള്‍ പാടുന്നത് തടയണം എന്നാവശ്യപ്പെട്ട് ഛത്തീസ്ഗഡില്‍ നിന്നുള്ള ഒരു അധ്യാപകന്‍ പരാതി നല്‍കിയിരുന്നു. ഡല്‍ഹിയില്‍ ഒക്ടോബര്‍ 26നും 27നും നടന്ന പരിപാടിയില്‍ ഗായകന്‍ ലഹരിയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങള്‍ ആലപിച്ചു എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. തെളിവിനായി പരിപാടിയുടെ വിഡിയോയും സമര്‍പ്പിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ദില്‍ജിത്തിനു നോട്ടിസ് അയച്ചത്. തെലങ്കാന സർക്കാർ അയച്ച നോട്ടീസിൽ മദ്യത്തേയും ലഹരിയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകള്‍ പാടരുത് എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഗീത പരിപാടിക്കിടെ സ്റ്റേജിലേക്ക് കുട്ടികളെ കൊണ്ടുവരരുതെന്നും ദില്‍ജിത്തിനോട് സർക്കാർ ആവശ്യപ്പെട്ടു.

പരിപാടിയുടെ ശബ്ദം കുട്ടികളെ മോശമായി ബാധിക്കും എന്നാണ് നോട്ടിസിൽ പറയുന്നത്. 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ടുവരാം എന്നാണ് നിങ്ങള്‍ പറഞ്ഞിരിക്കുന്നത്. ഉയര്‍ന്ന ശബ്ദവും ഫ്ലാഷ് ലൈറ്റുകളും ഉണ്ടാവുമെന്ന് പറഞ്ഞിട്ടുണ്ട്. ഇതു രണ്ടും കുട്ടികള്‍ക്ക് ദോഷം ചെയ്യുമെന്നും നോട്ടിസിൽ പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments