CrimeNews

സ്വപ്‌ന സുരേഷിനെ അറസ്റ്റ് ചെയ്യും! വ്യാജ സർട്ടിഫിക്കറ്റ് കേസിൽ വഴിത്തിരിവ്

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെയുള്ള വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷിയായി. സ്വപ്നയ്ക്ക് വ്യാജരേഖയുണ്ടാക്കി നൽകിയതിന് പോലീസ് പ്രതി ചേർത്ത സച്ചിൻ ദാസിനെയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മാപ്പുസാക്ഷിയാക്കിയത്. ഇതുസംബന്ധിച്ച് സച്ചിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. പോലീസ് ഈ അപേക്ഷയെ എതിർത്തതുമില്ല. ഈ മാസം 19ന് സച്ചിന്റെ മൊഴി കോടതി രേഖപ്പെടുത്തും.

2017ലാണ് സ്വപ്‌ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത്. ഇത് ഉപയോഗിച്ച് പ്രൈസ് വാട്ടർ കൂപ്പർ വഴി സ്‌പേസ് പാർക്കിലേക്ക് ജോലിക്ക് പ്രവേശിക്കുകയായിരുന്നു ഇവർ ചെയ്തത്. സ്വർണ്ണക്കടത്തുകേസിൽ പ്രതിയായതിന് ശേഷമാണ് സ്വപ്‌നയുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് പുറംലോകമറിഞ്ഞത്. കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ സ്വപ്ന ഒന്നാം പ്രതിയും പഞ്ചാബ് സ്വദേശി സച്ചിൻ രണ്ടാം പ്രതിയുമാണ്. മുംബയ് ആസ്ഥാനമായ ബാബ സാഹിബ് അംബേദ്ക്കർ സർവകലാശാലയുടെ പേരിലാണ് സർട്ടിഫിക്കറ്റുണ്ടാക്കിയത്.

കേസിലെ കുറ്റപത്രം കോടതി നേരത്തേ അംഗീകരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അനുമതിയോടെയാണ് നിയമനം നേടിയതെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. സ്പേസ് പാർക്കിൽ കൺസൾട്ടന്റായി നിയമിച്ച സ്വപ്നയ്ക്ക് നൽകിയ ശമ്പളം തിരികെ നൽകണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) നിയമന ഏജൻസിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് (പിഡബ്ല്യുസി) കത്ത് നൽകിയെങ്കിലും പണം ലഭിച്ചിട്ടില്ല. പണം നൽകാനാകില്ലെന്ന നിലപാടിലാണ് പിഡബ്ല്യുസി.

19,06,730 രൂപയാണ് ഐടി വകുപ്പ് സ്വപ്നയുടെ ശമ്പളമായി പിഡബ്ല്യുസിക്ക് അനുവദിച്ചത്. സ്വർണക്കടത്ത് കേസിൽ സ്വപ്ന പ്രതിയാകുകയും ജോലിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ജിഎസ്ടി ഒഴിച്ചുള്ള തുകയായ 16,15,873 രൂപ പിഡബ്ല്യുസിയിൽ നിന്ന് ഈടാക്കാൻ കെഎസ്ഐടിഐഎൽ എംഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.

One Comment

  1. 1 ba all പൊളിറ്റിക്സ് കാരൻ ഉണ്ട്. അത് തള്ള് ആയിരുന്നു. അത് എങ്ങും പ്രൊഡ്യൂസ് ചെയ്ത് ജോലി കിട്ടിയില്ല. അത് കൊണ്ട് കേസ്‌ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *