ബജറ്റിൻ്റെ പണിപ്പുരയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും സംഘവും. സി.പി.എം സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ കൊല്ലത്ത് വച്ച് നടക്കുന്നതിനാൽ ഇത്തവണ ബജറ്റ് നേരത്തെ ഉണ്ടാകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
ജനുവരി അവസാനം 2025- 26 ലെ ബജറ്റ് കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുമെന്നാണ് സൂചന. 2025 ഒക്ടോബറിലെ തദ്ദേശ തെരഞ്ഞെടുപ്പും തുടർന്ന് 5 മാസം കഴിഞ്ഞാലുള്ള നിയമസഭ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ട് ഒരു ജനപ്രിയ ബജറ്റ് കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷ.
2500 രൂപയായി ക്ഷേമപെൻഷൻ ഉയർത്തും എന്നായിരുന്നു 2021 ലെ എൽ.ഡി.എഫ് പ്രകടന പത്രികയെങ്കിലും 100 രൂപ പോലും ബാലഗോപാൽ ഇതുവരെ കൂട്ടിയില്ലെന്ന് ചരിത്രം. 4 മാസത്തെ ക്ഷേമ പെൻഷൻ നിലവിൽ കുടിശികയും ആണ്.
ജീവനക്കാർക്കും പെൻഷൻക്കാർക്കും ശമ്പള പെൻഷൻ പരിഷ്കരണം 2024 ജൂലൈ 1 മുതൽ ലഭിക്കേണ്ടതാണ്. ബജറ്റിൽ ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിക്കാനാണ് നീക്കം. ക്ഷാമബത്തയും ക്ഷാമ ആശ്വാസവും 6 ഗഡു കുടിശികയാണ്. ബാലഗോപാൽ പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ കുടിശിക 7 ഗഡുക്കൾ ആകും.
അതുകൊണ്ട് തന്നെ ബജറ്റിൽ ഒരു ഗഡു ക്ഷാമബത്ത പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.ഇത്തവണ പദ്ധതികൾ എല്ലാം വെട്ടിച്ചുരുക്കിയതോടെ നിയമസഭ പാസാക്കിയ ബജറ്റ് വെറും പ്രഹസനം ആയി മാറിയിരുന്നു.സാമൂഹ്യ ക്ഷേമ പദ്ധതികളെല്ലാം സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ താളം തെറ്റി.
നികുതി പിരിവ് കാര്യക്ഷമമാക്കാൻ ബാലഗോപാലിന് കഴിയുന്നില്ല. സ്വർണത്തിൽ നിന്നും ബാറുകളിൽ നിന്നും ലഭിക്കേണ്ട നികുതിയുടെ അഞ്ചിലൊരു ഭാഗം മാത്രമാണ് ഖജനാവിൽ എത്തുന്നത്. ഇക്കാലയളവിൽ പാർട്ടി വളർന്നു ഖജനാവ് തളർന്നു. ധനകാര്യ മാനേജ്മെൻ്റ് കെ.എൻ. ബാലഗോപാലിന് വഴങ്ങാത്തത് ധന പ്രതിസന്ധി ഗുരുതരമാക്കുന്നു.
കഴിഞ്ഞ ബജറ്റുകളിലെ പോലെ കോടികളുടെ നികുതി കൊള്ള ഇത്തവണത്തെ ബജറ്റിൽ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം. കെ.എൻ. ബാലഗോപാൽ ആയതുകൊണ്ട് പ്രതീക്ഷ അസ്ഥാനത്താകാനും സാധ്യതയുണ്ട്.