ദുബായ്: ചെങ്കടലില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കപ്പലുകള്‍ക്ക് നെരെ ഹൂതികളുടെ ആക്രമണം. ചൊവ്വാഴ്ച്ചയാണ് പുതിയ ആക്രമണം നടന്നത്. വിമതരുടെ നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ ഹൊഡെയ്ഡയില്‍ നിന്ന് 130 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായി ചെങ്കടലിന്റെ തെക്കന്‍ ഭാഗത്താണ് കപ്പല്‍ ആക്രമണം നടന്നതെന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു.
വാണിജ്യ കപ്പലിന് സമീപം ഒന്നിലധികം സ്ഫോടനങ്ങള്‍ ഉണ്ടായെങ്കിലും സ്ഫോടനത്തില്‍ കപ്പലിന് കേടുപാടുകളോ കപ്പലി നുള്ളില്‍ ആര്‍ക്കും പരിക്കോ ഏറ്റിട്ടില്ലെന്നും കപ്പല്‍ യാത്ര തുടരുകയാണെന്നും യുകെഎംടിഒ കൂട്ടിച്ചേര്‍ത്തു. ഇസ്രായേല്‍ യുദ്ധങ്ങള്‍ തുടരുന്നിടത്തോളം ആക്രമണങ്ങള്‍ തുടരുമെന്ന് ഹൂതികള്‍ മുന്‍പ് തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെയും ഇസ്രായേലിന്‍രെയും കപ്പലുകളെയാണ് പ്രധാനമായും ഹൂതികള്‍ ആക്രമിക്കുന്നത്.
ആക്രമണം രൂക്ഷമായിരുന്ന സമയത്ത്് ഇരു രാജ്യങ്ങള്‍ക്കും കനത്ത നഷ്ടങ്ങള്‍ ഉണ്ടാവുകയും മേഖലയിലൂടെയുള്ള ഷിപ്പിംഗ് പകുതിയായി കുറയുകയും ചെയ്തിരുന്നു. 2023 ഒക്ടോബറില്‍ ഗാസയില്‍ യുദ്ധം ആരംഭിച്ചതു മുതല്‍ 90-ലധികം വാണിജ്യ കപ്പലുകളെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹൂതികള്‍ ലക്ഷ്യം വച്ചിട്ടുണ്ട്. അവര്‍ ഒരു കപ്പല്‍ പിടിച്ചെടുക്കുകയും രണ്ട് കപ്പല്‍ മുക്കുകയും നാല് നാവികരെ കൊല്ലുകയും ചെയ്തിരുന്നു.