Cinema

പ്രഭാസ് ചിത്രത്തിൽ മമ്മൂട്ടിയും!

മലയാളികൾക്കിടയിൽ മറ്റുഭാഷാ സിനിമകൾ വലിയ സ്വീകാര്യതയുള്ളതിനു പിന്നിൽ സൂപ്പർ താരങ്ങളും പ്രമുഖ സംവിധായകരുമാണ്. അത്തരം അന്യഭാഷാ സിനിമകളിൽ മലയാള താരങ്ങൾ ഉണ്ടെങ്കിലോ. മലയാളികൾ ഒന്നടങ്കം അതിനെ ആഘോഷിക്കുമെന്ന് ഉറപ്പ്. ഇത്തരത്തിൽ ഇപ്പോൾ പ്രചരിക്കുന്നത് തെലുങ്ക് സൂപ്പർ താരം പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ മമ്മൂട്ടിയും അഭിനയിക്കുന്നുവെന്ന വാർത്തയാണ്.

‘കൽക്കി 2898 എഡി’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന ‘സ്പിരിറ്റ്’ എന്ന സിനിമയിൽ മമ്മൂട്ടി പ്രധാന വേഷത്തിലെത്തുമെന്ന് അനൗദ്യോഗിക വിവരം പുറത്ത് വരുന്നു. രൺവീർ സിംഗ് നായകനായ ‘അനിമൽ’ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ മമ്മൂട്ടി, പ്രഭാസിന്റെ അച്ഛനായി അഭിനയിക്കും എന്നതാണ് പ്രചരിക്കുന്ന റിപ്പോർട്ട്. എന്നാൽ ഇതുവരെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, ‘യാത്ര’, ‘ഏജന്റ്’, ‘യാത്ര 2’ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന അടുത്ത തെലുങ്ക് സിനിമയായിരിക്കും ‘സ്പിരിറ്റ്’. മറ്റൊരു വിശേഷം, ഒരു വർഷം മുൻപ് പുറത്തിറങ്ങിയ ‘ഏജന്റ്’ എന്ന ചിത്രത്തിന് ഇപ്പോഴും ഒടിടി റിലീസ് ലഭിച്ചിട്ടില്ല, അഖിൽ അക്കിനേനിയാണ് ആ ചിത്രത്തിലെ നായകൻ.

സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ രണ്ടര വർഷമായി പ്രയത്നിച്ചെത്തുന്ന സിനിമയാണ് ‘സ്പിരിറ്റ്’. ചിത്രത്തിന്റെ സ്ക്രിപ്റ്റ് അറുപത് ശതമാനത്തോളം പൂർത്തിയായെന്നു, നവംബർ അല്ലെങ്കിൽ ഡിസംബർ മാസത്തിൽ ചിത്രീകരണം ആരംഭിക്കുമെന്നും, ഇന്ത്യൻ എക്സ്പ്രസിനോട് അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ആകെ ബജറ്റ് 300 കോടി രൂപയാണ്. ആദ്യദിനം 150 കോടി കളക്ഷൻ പ്രതീക്ഷിക്കുന്നതായും സംവിധായകൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *