Kerala

മന്ത്രി ബിന്ദുവിന് പല്ലുവേദന; ചികിത്സക്ക് 11,290 രൂപ അനുവദിച്ചു; മന്ത്രിമാരുടെ സകല ചെലവും ജനങ്ങളുടെ തലയില്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു 30,500 രൂപയുടെ കണ്ണട വാങ്ങിയതിന്റെ തുക സര്‍ക്കാരില്‍ നിന്ന് എഴുതിയെടുത്തത് മലയാളം മീഡിയ ലൈവ് പുറത്തുവിട്ടത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. നന്നായി വായിക്കാന്‍ വേണ്ടിയാണ് വില കൂടിയ കണ്ണട വാങ്ങിയതെന്നായിരുന്നു മന്ത്രിയുടെ മറുപടി.

സാമ്പത്തിക പ്രതിസന്ധികാലത്ത് മന്ത്രിമാരുടെ എല്ലാ ചെലവും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയാണോ എന്ന് ജനസേവകരായ മന്ത്രിമാരും ചിന്തിക്കേണ്ടതാണ്. 1.22 കോടിയുടെ ആസ്തിയാണ് ഡോ. ആര്‍ ബിന്ദു തന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. പക്ഷേ, മന്ത്രിയുടെ ജീവിത ചെലവ് മുഴുവന്‍ ജനങ്ങളുടെ തലയിലാണെന്നതാണ് അവസ്ഥ.

മന്ത്രിയുടെ ദന്ത ചികിത്സക്കുള്ള പണവും സര്‍ക്കാരില്‍ നിന്ന് എഴുതിയെടുത്തിരിക്കുകയാണ് ഇപ്പോള്‍. കണ്ണടക്ക് പിന്നാലെ പല്ല് വേദനക്കും മന്ത്രി ബിന്ദു സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് തുക പറ്റിയെന്ന ഉത്തരവാണ് മലയാളം മീഡിയ ലൈവ് പുറത്തുവിടുന്നത്. ബിന്ദുവിന്റെ പല്ലുവേദന ചികില്‍സയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കിയത് 11,290 രൂപയാണ്. ഇരിഞ്ഞാലക്കുട പ്രാസി സെന്റല്‍ ക്ലിനിക്കില്‍ ആയിരുന്നു മന്ത്രിയുടെ ദന്ത ചികില്‍സ.

സാമ്പത്തിക പ്രതിസന്ധി കാലത്ത് കണ്ണടക്കും പല്ല് വേദനക്കും ചെലവായ തുക ജനങ്ങളുടെ കീശയില്‍ നിന്ന് വേണമെന്ന് ആവശ്യപ്പെടുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

മന്ത്രി ബിന്ദുവിന്റെ ഭര്‍ത്താവ് എ. വിജയരാഘവന്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗമാണ്. ലോകസഭയിലും രാജ്യസഭയിലും എം.പിയും ആയിരുന്നു. ക്ഷേമ പെന്‍ഷന്‍ പോലും കൊടുക്കാന്‍ പണമില്ലാതെ പൂച്ച പെറ്റു കിടക്കുന്ന ഖജനാവില്‍ നിന്ന് കണ്ണടക്കും പല്ല് വേദനക്കും ചെലവായ തുക വേണമെന്ന മന്ത്രി ബിന്ദുവിന്റെ ശാഠ്യം ന്യായീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ചികില്‍സക്ക് ചെലവായ തുക നല്‍കണമെന്ന് 2022 ജനുവരി 11 ന് മന്ത്രി ബിന്ദു മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. 2022 ജൂലൈ 14 ന് ചികില്‍സ ചെലവ് അനുവദിച്ച് പൊതുഭരണ വകുപ്പില്‍ നിന്ന് ഉത്തരവും ഇറങ്ങി. സാമ്പത്തിക പ്രതിസന്ധി കാലത്ത് 30,500 രൂപയുടെ കണ്ണട വാങ്ങിയത് ശരിയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി അര്‍ഹിക്കുന്നില്ല എന്ന ധിക്കാരപരമായ മറുപടിയാണ് ബിന്ദുവില്‍ നിന്ന് ആദ്യം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *