ഭരണ വിരുദ്ധ വികാരം അതിശക്തം!! 3 സ്ഥലത്തും തോൽവി ഉറപ്പിച്ച് സിപിഎം; തോൽവിയുടെ ഭാരം പി.പി. ദിവ്യയുടെ തലയിൽ വയ്ക്കും

CM Pinarayi vijayan and VD Satheesan

-രഞ്ജിത്ത് ടി.ബി-

അതിശക്തമായ ഭരണ വിരുദ്ധ വികാരം ആഞ്ഞടിക്കുമ്പോൾ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ജയ പ്രതീക്ഷ ഇല്ലാതെ എൽ.ഡി.എഫ്. സിറ്റിംഗ് സീറ്റായ ചേലക്കരയും തോൽക്കും എന്ന റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്നത്. ലോകസഭ തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചതുപോലെ പിണറായി വിരുദ്ധ വികാരം സംസ്ഥാനത്ത് അതിശക്തമാണ്.

തോൽവിക്ക് മറ്റ് കാരണങ്ങൾ തേടി പോകേണ്ടതും ഇല്ല. തോൽവി മുൻകൂട്ടി കണ്ട് ഉപതെരഞ്ഞെടുപ്പ് സ്ഥലങ്ങളിൽ പിണറായിയുടെ സാന്നിദ്ധ്യം നാമമാത്രമാണ്. തൃക്കാക്കരയിലും പുതുപ്പള്ളിയിലും ലോകസഭയിലും മുന്നിൽ നിന്ന് നയിച്ച പിണറായിയെ ഉപതെരഞ്ഞെടുപ്പ് വേദികളിൽ കണ്ടത് തന്നെ അപൂർവ്വമായാണ്. തൻ്റെ ജനസ്വാധിനം ഇടിഞ്ഞു എന്ന് ഏറ്റവും നന്നായറിയാവുന്നതും മുഖ്യമന്ത്രിക്കാണ് . ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 3 സ്ഥലത്തും വൻതോൽവിയേറ്റാലും പിണറായിയുടെ മുഖ്യമന്ത്രി കസേരയിൽ ഉറച്ച് തന്നെ ഇരിക്കും. കാരണം പിണറായിക്ക് പകരക്കാരൻ സി.പി. എമ്മിൽ ഇല്ല. പിൻഗാമിയായി മരുമകനെ വാഴിക്കാൻ പിണറായിയെ സി.പിഎം അനുവദിക്കുകയും ഇല്ല.

പിണറായിക്ക് മുഖ്യമന്ത്രി കസേരയിൽ കാലം കഴിക്കാം എന്ന ഔദാര്യം പാർട്ടി വച്ച് നീട്ടും.മകൾ വീണ വിജയൻ്റെ മാസപ്പടി , ക്ലിഫ് ഹൗസ് ധൂർത്ത്, അകമ്പടി വാഹനങ്ങളോടൊത്തുള്ള യാത്ര എന്നിങ്ങനെയുള്ള കാരണങ്ങളാൽ വ്യക്തിപരമായി പോലും ജനങ്ങൾ പിണറായിയിൽ നിന്നകന്നു. ഇത് കൂടാതെയാണ് എല്ലാം രംഗത്തുമുള്ള നികുതി വർധനയും. ഒരു ബജറ്റിൽ മാത്രം 6000 കോടിയുടെ അധിക നികുതിയാണ് അടിച്ചേൽപിച്ചത്. ബജറ്റിലെ അധിക നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമരം നടത്തിയപ്പോൾ ഒറ്റ ചില്ലികാശ് കുറയ്ക്കില്ലെന്നായിരുന്നു പിണറായിയുടെ ആക്രോശം. കോവിഡ് മൂലം സാമ്പത്തികമായി തകർന്ന് തരിപ്പണമായിരിക്കുന്ന ജനത്തിന് നേരെയായിരുന്നു പിണറായിയുടെ ആക്രോശം.

ജനങ്ങൾക്ക് താങ്ങാകേണ്ട സർക്കാർ ജനങ്ങളെ അടപടലം ദ്രോഹിക്കാൻ തുടങ്ങി. തുടർഭരണം കിട്ടിയതിൻ്റെ അഹങ്കാരത്തിൽ എന്തും ചെയ്യും എന്ന മാനസിക അവസ്ഥയിലായി പിണറായി. കെ റയിലിൻ്റെ പേരിൽ മഞ്ഞ കുറ്റിയുമായി ജനങ്ങളുടെ കുടിലിലേക്ക് പിണറായിയുടെ ഉദ്യോഗസ്ഥ പട കുതിച്ചെത്തി. തടഞ്ഞ ജനങ്ങളെ പിണറായി പോലിസ് തല്ലിയോടിച്ചു. തൃക്കാക്കരയിൽ കെ റയിൽ വരും കേട്ടോ എന്ന മാസ് ഡയലോഗുമായി പിണറായി കളം നിറഞ്ഞു. ജനം പണി പാലും വെള്ളത്തിൽ കൊടുത്തു. ഉമ തോമസ് റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിച്ചു.

ഉമ്മൻചാണ്ടിയുടെ മരണ ശേഷം പുതുപ്പള്ളി പിടിക്കാൻ പിണറായി ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചു. ഫലം വന്നപ്പോൾ ചാണ്ടി ഉമ്മൻ്റെ ഭൂരിപക്ഷം നാല് മടങ്ങ് വർദ്ധിച്ചു. ലോകസഭ ആയപ്പോൾ പിണറായി തന്ത്രം മാറ്റിപിടിച്ചു. കെ റയിൽ മിണ്ടിയില്ല പകരം സി.എ എ സമ്മേളനങ്ങളിലായി ശ്രദ്ധ. അതും ഏറ്റില്ല. 19 സീറ്റിലും ദയനിയമായി പരാജയപ്പെട്ടു.

കനൽ ഒരു തരിയായി കെ.രാധാകൃഷ്ണൻ ഡൽഹിക്ക് പറന്നു. മന്ത്രിയായി ഇരിക്കാൻ താൽപര്യപ്പെട്ട രാധാകൃഷ്ണനെ റിയാസിന് വേണ്ടി ഡൽഹിയിലേക്ക് പറപ്പിക്കുകയായിരുന്നു. 28 വർഷമായി കൈയിൽ കൊണ്ട് നടക്കുന്ന ചേലക്കര ആര് നിന്നാലും ജയിക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു പിണറായി. തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിച്ചതോടെ അതും കൈവിട്ടും പോകുന്ന അവസ്ഥയിലായി. തോൽവിയുടെ ഭാരം പി.പി ദിവ്യയുടെ തലയിൽ വച്ച് പിണറായിയും കൂട്ടരും കൈ കഴുകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
ഷാജി
ഷാജി
1 month ago

നന്നായി…. കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്ന ഒരു റിപ്പോർട്ട്‌ തന്നെ. പക്ഷെ റിസൾട്ട്‌ വരുമ്പോൾ മാറ്റിപറയരുത് 😄