പുരുഷനൊപ്പം ഹോട്ടലിൽ മുറിയെടുത്താൽ അത് സെക്സിനുള്ള സമ്മതമല്ലെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് ഭരത് ദേശ്പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഹൈക്കോടതിയുടെ സിംഗിൾ ജഡ്ജ് ബെഞ്ചിന്റേതാണ് നിരീക്ഷണം. യുവാവിനെ ബലാത്സംഗ കുറ്റത്തിൽ നിന്നും ഒഴിവാക്കിയ 2021 മാർച്ചിലെ വിചാരണക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
പെൺകുട്ടിയുടെ അറിവോടെയാണ് കേസിനാസ്പദമായ സംഭവത്തിൽ ഹോട്ടൽ മുറി ബുക്ക് ചെയ്‍തത്. അതുകൊണ്ട് യുവാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പെൺകുട്ടിക്ക് സമ്മതമാണെന്നായിരുന്നു വിചാരണക്കോടതിയുടെ നിരീക്ഷണം. അതിനാൽ തന്നെ കേസിൽ പ്രതിയായിരുന്ന ഗുൽഷർ അഹമ്മദിനെതിരെ ബലാത്സംഗക്കുറ്റം ചുമത്താനാകില്ലെന്നും കോടതി വിധിച്ചിരുന്നു.
എന്നാൽ വിചാരണക്കോടതിയുടെ ഉത്തരവിൽ തെറ്റ് പറ്റിയിട്ടുണ്ടെന്നാണ് ബോംബെ ഹൈക്കോടതിയുടെ കണ്ടെത്തൽ. ഇരയ്‌ക്ക് വിദേശ രാജ്യത്ത് സ്വകാര്യ ജോലി നൽകാമെന്ന് പ്രതി വാഗ്ദാനം നൽകിയിരുന്നു. ഇത് പറഞ്ഞാണ് യുവതിയെ പ്രതി ഹോട്ടലിലേക്ക് കൊണ്ട് പോകുന്നത്. പീഡനം നടന്നയുടൻ തന്നെ പെൺകുട്ടി പോലീസിൽ പരാതി നൽകിയിരുന്നു. അതിനാൽ പ്രതിയും പെൺകുട്ടിയും ഒരുമിച്ച് മുറിയിൽ കയറി എന്നത് ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കരുതുന്നത് തെറ്റാണ്. അതിനാൽ പ്രതി കുറ്റക്കാരനാണെന്നും കോടതി വിധിച്ചിട്ടുണ്ട്.