പാലക്കാട് : പത്തുവർഷം മുമ്പ് ഉമ്മൻചാണ്ടി സീപ്ലെയ്ൻ കൊണ്ടുവന്നപ്പോൾ എതിർത്ത സി.പി.എമ്മാണ്,
അതേ പദ്ധതി ഏറ്റെടുക്കുന്നതെന്നും ഈ നടപടി കാപട്യമാണെന്നും ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കാപട്യമാണ് സിപിഎമ്മിൻ്റെ മുഖമുദ്ര.
സിപിഎമ്മേ നിന്റെ പേരാണോ കാപട്യമെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ പറ്റുമോ.അങ്ങനെ ആരെങ്കിലും പറഞ്ഞാലും അവരെ കുറ്റപ്പെടുത്താനാകില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
പത്തുവർഷം മുന്നേ ഉമ്മൻചാണ്ടി സ്പ്ലീൻ കൊണ്ടുവന്നപ്പോൾ അവർ നിഷ്കരുണം എതിർത്തു. ഇപ്പോൾ കേരളത്തിൽ ആദ്യമായി അതുകൊണ്ടു വരുന്നതിന്റെ പിതൃത്വം നടിക്കുകയാണ് സി പി എം. ടൂറിസം വകുപ്പ് പറയുന്നു ഞങ്ങളാണ് ആദ്യമായി കേരളത്തില്‍ സീപ്ലെയ്ന്‍ കൊണ്ടുവന്നതിന്റെ പിതാക്കന്മാരെന്ന്.
പദ്ധതി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ലാന്‍ഡ് ചെയ്യിച്ചപ്പോള്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം നഷ്ടപ്പെടും, ഒരു കാരണവശാലും കേരളത്തില്‍ സീപ്ലെയ്ന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു. എന്നിട്ടിപ്പോള്‍ അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാരില്ലായ്മയാണ് കേരളമനുഭവിക്കുന്ന പ്രശ്നമെന്നും മുഖ്യമന്ത്രിക്ക് പോലും സർക്കാരിന്മേൽ നിയന്ത്രണമില്ല. പാലക്കാട് യുഡിഎഫ് വിജയിക്കുമെന്നും സിപിഎമ്മിൻ്റെ നാടകങ്ങൾ ആവർത്തിച്ചാൽ ഭൂരിപക്ഷം വർദ്ധിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ജനകീയ പ്രശ്‌നങ്ങളിലും പൊതുവിഷയങ്ങളിലും ഭരണത്തിലും പ്രതിഫലിക്കുന്ന വാക്കാണ് സര്‍ക്കാരില്ലായ്മ. പ്രതിസന്ധിയുണ്ടാകുമ്പോള്‍ അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ സാമീപ്യം ജനങ്ങള്‍ ആഗ്രഹിക്കും. അങ്ങനെ ഒരു സര്‍ക്കാരിന്റെ സാന്നിധ്യം ഇപ്പോഴില്ല.
മുഖ്യമന്ത്രിക്ക് പോലും ഭരണത്തില്‍ ഒരു കണ്ട്രോളില്ല. മുഖ്യമന്ത്രിയുടെ വകുപ്പ് പോലും കൈകാര്യം ചെയ്യുന്നത് ഓഫീസിലെ ഒരു ഉപജാപക സംഘമാണ്.
അവരാണ് നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തി തീര്‍ത്തതും അതിലെ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമം നടത്തിയതും. നവീന്‍ ബാബുവിന്റെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. എന്നിട്ട് ദിവ്യയെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിപ്പിച്ചു.
ജയിലില്‍ നിന്ന് പുറത്തുവന്നപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ സ്വന്തം സഹധര്‍മ്മിണിയെ പറഞ്ഞയപ്പിച്ച് അവരെ സ്വീകരിക്കുകയാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.