പത്തനംതിട്ട: പാലക്കാടെന്ന സ്നേഹ വിസ്മയം എന്ന അടിക്കുറിപ്പോടുകൂടി പത്തനംതിട്ട സിപിഎം ഫേസ് ബുക്ക് പേജിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിന്റെ വീഡിയോ. അമളി പറ്റിയെന്ന് മനസ്സിലായ നിമിഷം പേജിൽ നിന്ന് വീഡിയോ പിൻവലിച്ചു.
പക്ഷേ ഉപതിരഞ്ഞെടുപ്പ് പ്രചാരണം സജീവമായിരിക്കുന്ന വേളയിൽ സഖാക്കൾക്ക് പറ്റിയ അമളി അത്ര നിസാരമല്ലാ എന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ കേരളം. ഇതോട് കൂടി വിഷയം വലിയ ചർച്ചയായി മാറുന്നുണ്ട്. 63,000 ഫോളോവേഴ്സുള്ള പേജിലാണ് ഈ ദൃശ്യങ്ങൾ വന്നത്.
വിഷയം വിവാദമായതോടെ ഇത് ഔദ്യോഗിക പേജല്ലെന്നായിരുന്നു സിപിഎമ്മിൻറെ പ്രതികരണം. വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു വ്യക്തമാക്കി. വിഡിയോ സിപിഎം പേജിൽ പ്രചരിച്ചതിൽ പരാതി നൽകുമെന്ന് പത്തനംതിട്ട ജില്ലാകമ്മിറ്റി അറിയിച്ചു. എന്നാൽ സജീവമായി പാർട്ടിയെ അനുകൂലിച്ച് കൊണ്ട് പ്രവർത്തിക്കുന്ന ഈ പേജ് വ്യാജമെന്ന നേതാക്കളുടെ വാദത്തെ അത്ര കണ്ട് വിശ്വസിക്കാൻ ആവാത്ത സ്ഥിതിയാണ് രാഷ്ട്രീ നിരീക്ഷകർക്കുള്ളത്.
കാരണം വെറുമൊരു വ്യാജപേജായിരുന്നു എങ്കിൽ 63 ആയിരംപേർ അതിനെ സപ്പോർട്ട് ചെയ്യില്ലായിരുന്നല്ലോ എന്ന സംശയം തന്നെ. എന്തായാലും അമളികൾ ഒഴിയാത്ത ഒരു പാർട്ടിയായി തുടരുകയാണ് സിപിഎം എന്നതിന്റെ ഏറ്റവും അടുത്ത ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ വീഡിയോ.
ഒരു വശത്ത് പി സരിനെന്ന മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ പാർട്ടിയിലേക്കെത്തി പിറ്റേ ദിവസം സ്വന്തം പ്രവർത്തകയെ ഡമ്മി സ്ഥാനാർത്ഥിയാക്കി സരിനെ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയാക്കി വിശയത്തിൽ അന്ത:സംഘർഷം ശക്തമാകുന്നതിനിടെയാണ് കോൺഗ്രസ് നേതാക്കളെ വാനോളം പുകയ്ത്തുന്ന രീതിയിൽ സിപിഎമ്മിന്റെ പ്രവർത്തനം. അതിനാൽ സ്വന്തം സഖാക്കളിൽ വിശ്വാസമില്ലാതായോ പാർട്ടിക്ക് എന്ന സംശയമാണ് ജനങ്ങളിൽ ഉയരുന്നത്.
അണികളുടെ ശ്രദ്ധാ പിഴവ് പാർട്ടിയ്ക്ക് ദോഷം ചെയ്യുമെന്ന സംസാരവും നിലവിലുണ്ട്. എന്തായാലും സൈബർ സഖാക്കൾ പാർട്ടിയ്ക്ക് തലവേദനയാകുന്നു എന്ന് തന്നെയാണ് ഈ റിപ്പോർട്ട് കൂടെ പുറത്ത് വന്നതിലൂടെ വ്യക്തമാകുന്നത്.