പത്തനംതിട്ട: പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങൾ സജീവമാകുന്നതിനിടെ പത്തനംതിട്ട സിപിഎം എഫ്ബി പേജിൽ വന്ന രാഹുൽ മാങ്കൂട്ടത്തിന്റെ വീഡിയോ വിവാദത്തിൽ. സംഭവത്തിൽ രാഹുൽമാങ്കൂട്ടത്തിലാണ് കുറ്റക്കാരനെന്ന ന്യായീകരണവുമായാണ് ഇപ്പോൾ സിപിഎം നേതാക്കൾ രംഗത്ത് എത്തുന്നത്. പേജ് ഹാക്ക് ചെയ്യപ്പെട്ടത്താകാമെന്നും പിന്നിൽ രാഹുൽ ആണെന്നും പേര് പറയാതെ സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ആരോപിച്ചു.
ഹാക്ക് ചെയ്യപ്പെട്ട പേജിലാണ് ജില്ലാ സെക്രട്ടറി പ്രസ്താവന പോസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം ഉൾപ്പടെ പരാമർശിച്ചുകൊണ്ടായിരുന്നു ജില്ലാ സെക്രട്ടറിയുടെ ആരോപണം.
വിവാദം സൃഷ്ടിക്കാനായി പേജ് ഹാക്ക് ചെയ്ത്, മനഃപൂർവം ഇത്തരത്തിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തശേഷം അതിന്റെ സ്ക്രീൻ റെക്കോർഡിംഗ് എടുത്ത് ആരോ മാധ്യമങ്ങൾക്ക് കൈമാറിയതായിട്ടാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് പ്രസ്താവനയിൽ പറയുന്നു.
ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടത് ശ്രദ്ധയിൽ പെടുകയും പെട്ടന്നു തന്നെ സോഷ്യൽ മീഡിയ ടീം അത് റിക്കവർ ചെയ്ത് വീഡിയോ നീക്കം ചെയ്യുകയും സൈബർ പോലീസിനും ഫെയ്സ്ബുക്കിനും പരാതിയും നൽകിയിട്ടുണ്ട്. പേജിന്റെ നിയന്ത്രണം തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് സിപിഎം അറിയിച്ചു.