പിപി ദിവ്യയെ കൈവിട്ട് CPM; രാഷ്ട്രീയ പ്രവർത്തനം നിർത്തിയേക്കും

കണ്ണൂർ: എ.ഡി.എം ആയിരുന്ന കെ. നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ജാമ്യ വ്യവസ്ഥിൽ പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. സാധാരണ എത്രവലിയ കുറ്റവാളികളാണെങ്കിലും അവരെയെല്ലാം വിവാദം കെട്ടടങ്ങുമ്പോൾ ഒപ്പം ചേർത്തു നിർത്തുന്ന പാർട്ടി പിപി ദിവ്യയുടെ കാര്യത്തിൽ വിപരീത തീരുമാനമാണ് കൈകൊണ്ടിരിക്കുന്നത്.

പാർട്ടി തന്നെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞെന്നാണ് ദിവ്യയുടെ നിലപാട്. സമാന ആക്ഷേപങ്ങൾ വന്നപ്പോൾ എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയ്ക്കും മുൻ സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യുവിനും ലഭിച്ച ആനുകൂല്യം തനിക്ക് ലഭിച്ചില്ല. 20 വർഷം പ്രവർത്തിച്ച പാർട്ടി തന്നെ വഞ്ചിച്ചെന്നും പി പി ദിവ്യ പറയുന്നു. പാർട്ടിയിൽ തനിക്ക് ഗോഡ് ഫാദറില്ല. ഗോഡ് ഫാദർ ഇല്ലാത്തവർക്ക് പാർട്ടിയിൽ നിലനിൽപ്പില്ലെന്നും ദിവ്യ പ്രതികരിച്ചു.

ഉപതിരിഞ്ഞെടുപ്പ് അടുത്തിരിക്കുന്നത് കൊണ്ട് തന്നെ പിപി ദിവ്യയെ കൈവിടുന്നു എന്നതാണ് സിപിഎം നിലപാട്. അത് കൊണ്ട് പാർട്ടി കാത്തോളും എന്ന് പ്രതീക്ഷിച്ചി ദിവ്യയ്ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചതെന്ന് പറഞ്ഞാൽ തെറ്റില്ല. 11 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് പിപി ദിവ്യ പുറത്തിറങ്ങിയത്. പിപി ദിവ്യ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേർപ്പെടരുതെന്നും. ജില്ല വിട്ടുപോകരുതെന്നുമാണ് ജാമ്യ വ്യവസ്ഥ. മാനുഷികവശങ്ങൾ പരിഗണിച്ചാണ് കോടതി ദിവ്യയ്ക്ക് ജാമ്യം നല്കിയിരിക്കുന്നത്. സ്ത്രീയാണ്, കുടുംബനാഥയാണ്, കുടുംബത്തിലെ നാഥയായ സ്ത്രീ ഇല്ലാതായാൽ കുടുംബത്തിന് എന്ത് സംഭവിക്കും എന്ന കാര്യങ്ങൾ എടുത്ത് പറഞ്ഞാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കുടുംബനാഥ ഇല്ലെങ്കിൽ കുടുംബം അസ്വസ്ഥമാകുമെന്നും കോടതി നിരീക്ഷിച്ചു. അസുഖബാധിതനായ പിതാവിനെ പരിചരിക്കാൻ ദിവ്യ വീട്ടിലുണ്ടാകണം എന്ന വാദം നേരത്തെ തന്നെ പ്രതിഭാഗം ഉന്നയിച്ചിരുന്നു. ഇതും കോടതി പരിഗണിച്ചിട്ടുണ്ട്. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തില്ല എന്നതും ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നതിലേക്ക് നയിച്ചു. ചൊവ്വാഴ്ച വാദംകേട്ട കോടതി വിധിപറയാൻ മാറ്റുകയായിരുന്നു.

അതേസമയം പിപി ദിവ്യയ്ക്കെതിരേ ചുമത്തിയ ബിഎൻഎസ് 108 ആത്മഹത്യാപ്രേരണക്കുറ്റം കേസിൽ നിലനില്ക്കും എന്ന് കോടതി നിരീക്ഷിച്ചു. 33 പേജുള്ള വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. ഒരു ലക്ഷം രൂപയുടെ ആൾ ജാമ്യം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകണം, കണ്ണൂർ ജില്ല വിട്ട് പോകരുത്, പാസ്പോർട്ട് ഉണ്ടെങ്കിൽ കോടതിയിൽ സമർപ്പിക്കണം, ഇല്ലെങ്കിൽ കോടതിയിൽ സത്യവാങ്മൂലം നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം നല്കിയിരിക്കുന്നത്. ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് ജാമ്യം അനുവദിച്ചത്.

പള്ളിക്കുന്ന് വനിതാ ജയിലിൽനിന്ന് പുറത്തിറങ്ങിയ ദിവ്യയെ സ്വീകരിക്കാൻ ജനാധിപത്യ മഹിളാ അസോസിയേഷന്റെയും സി.പി.എമ്മിന്റെ ജില്ലാ നേതാക്കളും എത്തിയിരുന്നു. എംവി ഗോവിന്ദൻറെ ഭാര്യ പി കെ ശ്യാമള, ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ ബിനോയ്‌ കുര്യൻ, ജില്ല സെക്രെട്ടറിയേറ്റ് അംഗം പിവി ഗോപിനാഥ്, എൻ സുകന്യ എന്നിവരൊക്കെ ദിവ്യയെ ജയിലിൽ പോയി കണ്ടവരാണ്. എന്നിരുന്നാലും ദിവ്യക്കെതിരെ നടപടിയെടുക്കാൻ സമ്മർദ്ദമുണ്ടായതോടെ ഇവരൊക്കെ പതിയെ പാർട്ടി തീരുമാനത്തിന് ഒപ്പം നിൽക്കാനാണ് തീരുമാനം എന്നാണ് വിലയിരുത്തൽ.

പി.പി. ദിവ്യക്കെതിരെ നടപടിയെടുക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് അനുമതി നൽകി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അടിയന്തര ഓൺലൈൻ യോഗത്തിലാണ് തീരുമാനം. പാർട്ടി പദവികളിൽ നിന്നും ദിവ്യയെ നീക്കണമെന്ന് ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ദിവ്യയുടേത് ഗുരുതര വീഴ്ചയാണെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. എല്ലാ സംഘടനാ ചുമതലകളിൽ നിന്നും ദിവ്യയെ നീക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്തിരുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റ് നടപടി അംഗീകരിച്ചതോടെ പി.പി. ദിവ്യ ഇനി മുതൽ ഇരണാവ് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചിലുള്ള ഒരു സാധാരണ പാർട്ടി അംഗമായി തുടരേണ്ടി വരും. തിരഞ്ഞെടുപ്പ് കാലത്ത് ജനരോഷം കൂടി കണക്കിലെടുത്താണ് സംഭവം നടന്ന് മൂന്നാഴ്ചകൾക്ക് ശേഷം നടപടി വന്നിരിക്കുന്നത്. നവീൻ ബാബുവിന്റെ മരണം വിവാദമായ ഘട്ടത്തിൽ ആദ്യം ദിവ്യയെ അനൂകൂലിച്ച് കണ്ണൂർ ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു.

അഴിമതിക്കെതിരായ സദുദ്യേശ്യപരമായ നിലപാടെന്നായിരുന്നു കണ്ണൂർ സിപിഎമ്മിന്റെ ആദ്യ നിലപാട്. എന്നാൽ പത്തനംതിട്ട സിപിഎം ഘടകം ദിവ്യയ്ക്കെതിരെ രംഗത്തെത്തിയതോടെ കാര്യങ്ങൾ കൈവിട്ടു. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയം നിയമപരമായി നേരിടുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നുമാണ് ദിവ്യയുടെ നിലപാട്. സിപിഎം എടുത്ത നടപടി യിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി പി പി ദിവ്യ . ജയിലിൽ കിടക്കുമ്പോൾ വേണ്ടിയിരുന്നില്ല . തന്റെ ഭാഗം കേൾക്കാൻ പാർട്ടി തയ്യാറായില്ല. ഫോണിൽ വിളിച്ച നേതാക്കളോട് അതൃപ്തി രേഖപ്പെടുത്തി എന്നാണ് വിവരം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments