ബലൂചിസ്ഥാന്‍: പാക്കിസ്ഥാനില്‍ റെയില്‍വ്വേ സ്റ്റേഷനില്‍ തീവ്രവാദികള്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടമായത് 24 പേര്‍ക്ക്. ഏകദേശം 46ലധികം ജനങ്ങള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുമുണ്ട്. പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ മേഖലയിലെ തിരക്കേറിയ റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെ ചാവേര്‍ സ്‌ഫോടനം നടന്നത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് നൂറിലധികം ജനങ്ങള്‍ ട്രെയിന്‍ കാത്ത് നില്‍ക്കുന്നതും പിന്നാലെ സ്‌ഫോടനം ഉണ്ടാകുന്നതും കാണാം.
സ്‌ഫോടനത്തില്‍ സ്‌റ്റേഷന്‍രെ മേല്‍ക്കൂര തകരുന്നതും വലിയ തീഗോളം ജനക്കൂട്ടത്തെ വിഴുങ്ങുന്നതുമെല്ലാം കാണാവുന്നതാണ്.
പെഷവാറിലേയ്ക്ക് പോകുന്ന ജാഫര്‍ എക്സ്പ്രസിസിനെ യാത്രക്കാര്‍ കാത്ത് നില്‍ക്കുമ്പോഴാണ് സ്ഫോടനമുണ്ടാകുന്നത്. നടന്നത് ഒരു ചാവേര്‍ ആക്രമണം തന്നെയാണെന്നാണ് പ്രാഥമിക വിവരം. വംശീയ തീവ്രവാദ സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
റെയില്‍വേ സ്റ്റേഷനിലെ ബുക്കിംഗ് ഓഫീസിലാണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രദേശം സുരക്ഷിതമാക്കുകയും പരിക്കേറ്റവരെ ക്വറ്റയിലെ സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. പാക്കിസ്ഥാനില്‍ വംശീയ തീവ്രവാദം വര്‍ധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.