സിപിഎം മാധ്യമപ്രവര്‍ത്തക ‘കൈരളി’യില്‍ നിന്ന് ‘ജന’ത്തിലേക്ക്!

നീലിമയുടെ വരവ് സംഘ കുടുംബത്തിലെ അംഗമായി എന്ന് മുതിർന്ന ആർ.എസ്.എസ് നേതാവ് എ ജയകുമാർ

തിരുവനന്തപുരം: സിപിഎം മാധ്യമപ്രവർത്തകയായ നീലിമയുടെ ചാനൽ മാറ്റം രാഷ്ട്രീയ കേരളത്തിൽ ചർച്ചയാക്കിയിരിക്കുകയാണ്. കൈരളി ടിവി തുടങ്ങിയതു മുതൽ ചാനലിന്റെ ഭാഗമായിരുന്ന സിപിഎം മാധ്യമപ്രവർത്തക ബിജെപി പിൻതുണയുള്ള ചാനലിലേക്ക് മാറാൻ തീരുമാനിച്ചതിന്റെ കാരണം തന്നെയാണ് ചർച്ചാ വിഷയം. കൈരളിയിൽ വർഷങ്ങളായുള്ള തന്റെ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് നീലിമ ജനത്തിലേക്ക് മാറുമ്പോൾ ഇത് ഇടത്പക്ഷത്തിനേൽക്കുന്ന കനത്ത തിരിച്ചടിയാണ്.

ആർ.എസ്.എസ് അനുകൂല ചാനലിലേക്കുള്ള നീലിമയുടെ വരവിനെ സംഘ കുടുംബത്തിലെ അംഗമെന്ന് പറഞ്ഞ് കൊണ്ടാണ് മുതിർന്ന ആർ.എസ്.എസ് പ്രവർത്തകനായ ദക്ഷിണേന്ത്യയിലെ സുപ്രധാന ചുമതലയിലുള്ള ജയകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദേശീയതയുടേയും നമ്മുടെ സംസ്‌കാരത്തിന്റെയും കാവലും കരുത്തുമായ ജനം ചാനലിന്റെ ഭാഗമെന്നാണ് മുതിർന്ന ആർ എസ് എസ് നേതാവ് എ ജയകുമാർ വിശേഷിപ്പിക്കുന്നത്. നമ്മുടെ സംഘ കുടുംബത്തിലെ അംഗമാവുകയാണെന്നാണ് ജയകുമാറിന്റെ പ്രഖ്യാപനം.

ആർ എസ് എസ് ചാനലെന്ന് പറയുന്ന ജനം ടിവിയിലെ ജീവനക്കാരിൽ ബഹുഭൂരിഭാഗവും പരിവാറുകാരാണ്. എന്നാൽ ഒരു നേതാവും ജീവനക്കാരെ സംഘ കുടുംബമെന്ന് പരസ്യമായി വിശേഷിപ്പിട്ടില്ല. എന്നാൽ നീലിമയുടെ വരവിനെ സംഘ കുടുംബത്തിലേക്കുള്ള മാധ്യമ പ്രവർത്തകയുടെ വരവായി കാണുകയാണ് ജയകുമാർ. ദക്ഷിണേന്ത്യയിലെ സുപ്രധാന ചുമതലയിലുള്ള ജയകുമാറിന്റെ പോസ്റ്റിലൂടെ തന്നെ ആർ എസ് എസ് ഇടപെടലാണ് നീലിമയുടെ ജനം ടിവിയിലെ വരവിന് പിന്നിലെന്ന് വ്യക്തമാകുകയാണ്.

രണ്ടാഴ്ച മുമ്പാണ് കൈരളിയിൽ നിന്നും നീലിമ രാജി വച്ചത്. ഇതിന് പിന്നാലെ ജനം ടിവിയിലേക്ക് ചേക്കേറുകയും ചെയ്തു. കേരളത്തിലെ അറിയപ്പെടുന്ന മാധ്യമ ഫോട്ടാഗ്രാഫറായ അനിൽ ഭാസ്‌കറാണ് നീലിമയുടെ ഭർത്താവ്. അനിൽ ഭാസ്‌കർ ദീപികയിലാണ്. ഇവരുടെ വിവാഹം നടത്തിയത് വിഎസ് അച്യുതാനന്ദനാണ്. പ്രസ് ക്ലബ്ബിൽ ലളിതമായ ചടങ്ങുകളോടെ നടന്ന ആ വിവാഹം ഏറെ ശ്രദ്ധേയമായിരുന്നു.

കൈരളി ടിവിയിലെ സീനയിർ ന്യൂസ് എഡിറ്ററായിരുന്നു നീലിമ. കൈരളിയിലെ ആദ്യ ബാച്ചിലെ ബഹു ഭൂരിഭാഗവും കൈരളി വിട്ട് മറ്റ് ചാനലുകളിലേക്ക് ചേക്കേറിയപ്പോഴും സിപിഎം ചാനലിൽ ഇടതുപക്ഷ നിലപാടുകളുമായി നിലയുറപ്പിച്ച മാധ്യമ പ്രവർത്തകയാണ് അവർ. മിക്ക മുൻനിര ചാനലുകളിലെ തലപ്പത്തുള്ളതും നീലിമയുടെ സഹയാത്രികരാണ്. കൈരളി ടിവിയിലെ ന്യൂസ് വ്യൂസ് അവതാരകയായും ശ്രദ്ധേയമായിരുന്നു.

സിപിഎമ്മുമായി അടുത്തു നിന്ന മാധ്യമ പ്രവർത്തകയാണ് നീലിമ എന്ന് പറയാൻ ഇതിലും വലിയ തെളിവ് വേണമെന്നില്ല. അതുകൊണ്ട് ജനം ടിവിയിലേക്കുള്ള നീലിമയുടെ വരവിനെ ഉപതിരഞ്ഞെടുപ്പ് കാലത്ത് ആർ എസ് എസ് ഏറെ പ്രധാന്യത്തോടെയാണ് കാണുന്നത്. ഇതിനൊപ്പം കേരളത്തിലെ മുതിർന്ന ആർ എസ് എസ് പ്രചാരകൻ തന്നെ ഇക്കാര്യം ഫെയ്‌സ് ബുക്കിലൂടെ ഇക്കാര്യം അറിയിച്ചതും ചർച്ചയാകുന്നുണ്ട്.

പ്രദീപ് പിള്ളയാണ് ജനം ടിവിയുടെ എഡിറ്റർ. മനോരമയിൽ തുടങ്ങിയ പ്രദീപ് പിള്ള ദേശീയ മാധ്യമങ്ങളിൽ അടക്കം പ്രചരിപ്പിച്ചു. മനോരമ ന്യൂസിൽ നിന്നും വീണാ പ്രസാദും അടുത്ത കാലത്ത് ജനം ടിവിയുടെ ഭാഗമായി. ഇതിന് പിന്നാലെയാണ് നീലിമയും വരുന്നത്. എന്നാൽ കൈരളിയിൽ നിന്നെത്തുന്ന നീലിമയുടെ ഇടതു പാരമ്പര്യം ആർ എസ് എസ് രാഷ്ട്രീയ ചർച്ചകൾക്ക് വിധേയമാക്കും.

ആർ എസ് എസ് നേതാവ് എ ജയകുമാറിന്റെ പോസ്റ്റ് പൂർണ രൂപം

ശ്രീമതി നീലിമ.. ഒരു വർഷം ദേശാഭിമാനി പത്രത്തിലും, 24 വർഷം കൈരളി ന്യൂസ് ചാനലിലും ആയി കാൽനൂറ്റാണ്ടിന്റെ മാധ്യമപ്രവർത്തനം. കൈരളിയുടെ എഡിറ്റോറിയൽ debate കളിലെ നിറസാന്നിധ്യമായിരുന്നു. കമ്മ്യൂണിസ്റ്റ് ആശയവും ഇടതുപക്ഷ രാഷ്ട്രീയവും നാടിനും സമൂഹത്തിനും ഒരു ഗുണവും ചെയ്യില്ല എന്ന ഉറച്ച വിശ്വാസത്തിൽ കൈരളിയുടെ പടിയിറങ്ങുകയാണ് നീലിമ ഇന്ന്.

നീലിമ ദേശീയതയുടേയും നമ്മുടെ സംസ്‌കാരത്തിന്റെയും കാവലും കരുത്തുമായ ജനം ചാനലിന്റെ Input എഡിറ്ററായി, നമ്മുടെ സംഘ കുടുംബത്തിലെ അംഗമാവുകയാണ്. നമ്മുടെ എല്ലാപേരുടെയും ആശീർവാദങ്ങളും അനുഗ്രഹവും ഉണ്ടാകണം. സമസ്ത മേഖലകളിലും കേരളം ഒരു മാറ്റത്തിനായി തയ്യാറാവുകയാണ്. കരുതലോടെ സംയമനത്തോടെ മാറുന്ന സമൂഹത്തെ ഉൾക്കൊള്ളുവാൻ വേണ്ട വിശാലതയും ദീർഘവീക്ഷണവും നമുക്കുണ്ടാകണം എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

എന്തായാലും നീലിമയുടെ മനം മാറ്റം ഉപതിര‍ഞ്ഞെടുപ്പ് കാലത്ത് ചൂടുള്ള ചാർച്ചയായി മാറുകയാണ്. ഇതിന് മുമ്പ് സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ എഡിറ്ററായിരുന്ന വി.ടി. ഇന്ദുചൂഢൻ ജനസംഘത്തിൽ ചേർന്നിരുന്നു . ഇങ്ങനെ പാർട്ടി ജിഹ്വകളിലെ മുതിർന്ന മാധ്യമപ്രവർത്തകർ തന്നെ സംഘപരിവാർ ആശയ പ്രചാരണ മാധ്യമങ്ങളിലേക്ക് എത്തുന്നത് സിപിഎമ്മിനെതിരെയുള്ള ചർച്ചകളിൽ ചൂടേറിയ വിഷയമാകുമെന്നുറപ്പാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments