KeralaNews

ഒറ്റമുറി വീടിന് അരലക്ഷം രൂപ വൈദ്യുതി ബില്‍; അന്നമ്മയെ ഇരുട്ടിലാക്കി കെഎസ്ഇബി

ഇടുക്കി: 400 രൂപ വൈദ്യുതി ബിൽ വന്നുകൊണ്ടിരുന്ന ഒറ്റമുറി വീടിന് അരലക്ഷം രൂപ കുടിശ്ശികയുണ്ടെന്ന് പറഞ്ഞ് വൈദ്യുതി കട്ട് ചെയ്ത് കെഎസ്ഇബി. ഇടുക്കി ഉപ്പുതറ സ്വദേശിയായ അന്നമ്മ എന്ന വയോധികയ്ക്കാണ് ഈ ദുർഗതി ഉണ്ടായിരിക്കുന്നത്.

അരലക്ഷം രൂപ കുടിശിക അടയ്ക്കാൻ ഉണ്ടെന്നുകാട്ടി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കെഎസ്ഇബിയുടെ ഇരുട്ടടി. എന്നാൽ വൈദ്യുതി ബില്ലിൽ കുടിശിക വരുത്തിയിട്ടില്ലെന്നാണ് വട്ടപ്പതാൽ സ്വദേശി അന്നമ്മ പറയുന്നത്.
വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ചതിനെ തുടർന്ന് കൂലിപ്പണി എടുത്താണ് അന്നമ്മ ജീവിക്കുന്നത്. ആരോ​ഗ്യ സ്ഥിതി മോശമായതോടെ പണിയെടുക്കാനും വയ്യാതായി.

മുൻപ് പരമാവധി 400 രൂപയാണ് വൈദ്യുതി ബിൽ ലഭിച്ചിരുന്നത്. ഇത് കൃത്യമായി അടക്കുന്നുമുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ മാസം 11-ന് 49,710 രൂപയുടെ വൈദ്യുതി ബില്ലാണ് വന്നത്.

ഇതോടെ കെഎസ്ഇബിയുടെ പീരുമേട് സെക്ഷൻ ഓഫീസിൽ പരാതിയുമായി എത്തി. എന്നാൽ, ഉദ്യോ​ഗസ്ഥർ പരാതി പരിഹരിച്ചില്ല. 15 ദിവസത്തിനകം തുക അടയ്ക്കണം എന്നായിരുന്നു നിർദ്ദേശം.
വൈദ്യുതിബന്ധം വിച്ഛേദിച്ചതോടെ ഒറ്റമുറി വീട്ടിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് അന്നമ്മ കഴിയുന്നത്.
കെഎസ്ഇബി സെക്ഷൻ ഓഫീസിൽ പരാതിയുമായി എത്തിയപ്പോൾ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും അന്നമ്മ ആരോപിച്ചു. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ച അന്നമ്മ കൂലിപ്പണി ചെയ്താണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ഇത്രയും വലിയ തുകയടച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കഴിയില്ല. സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം..

Leave a Reply

Your email address will not be published. Required fields are marked *