യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ മുന്നണി സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് അധികാരത്തിലേക്ക്. മുൻ പ്രസിഡന്‍റ് 277 ഇലക്‌ടറല്‍ വോട്ടുകള്‍ നേടി ഭരണം ഉറപ്പിച്ചു. വിജയമുറപ്പിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഡൊണാൾഡ് ട്രംപ്.
തന്നോടൊപ്പം നിന്ന അമേരിക്കയിലെ ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും കുടുംബത്തിനുമെല്ലാം അദ്ദേഹം നന്ദി അറിയിച്ചു. അമേരിക്കയുടെ സുവർണ കാലം വന്നെത്തിയെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തു. അമേരിക്കയുടെ 47-ാം പ്രസിഡന്റായി താൻ തെരഞ്ഞെടുക്കപ്പെട്ടു എന്നും അദ്ദേഹം ഫ്ലോറിഡയിൽ പറഞ്ഞു.
അന്താരാഷ്‌ട്ര മാധ്യമമായ എഎഫ്‌പിയുടെ കണക്കുപ്രകാരം ട്രംപ് 277 ഇലക്‌ടറല്‍ വോട്ടുകള്‍ നേടിയപ്പോള്‍ കമല ഹാരിസ് 226 ഇലക്‌ടറല്‍ വോട്ടുകളാണ് നേടിയത്. നിലവിലെ കണക്കുപ്രകാരം ട്രംപ് 51.2 ശതമാനം വോട്ട് നേടിയപ്പോള്‍ കമല 47.4 ശതമാനം വോട്ടുകളാണ് നേടിയത്. നോർത്ത് കരോലിന, ജോർജിയ, പെൻസിൽവാനിയ എന്നിവിടങ്ങളിൽ മികച്ച ഭൂരിപക്ഷ വോട്ടുകളാണ് ട്രംപിന് ലഭ്യമായത് . 7 സ്വിങ് സ്‌റ്റേറ്റുകളെല്ലാം തന്നെ ട്രംപിനൊപ്പം നിന്നു. ഔദ്യോഗിക ഫലം വരാൻ ഇനിയും കാത്തിരിക്കണം.