പുതിയ പുകവലിരഹിത തലമുറ’ എന്ന കാഴ്ച്ചപ്പാടോടെയാണ് യുകെയില്‍ ഇത്തരമൊരു നിയമം വരാനിരിക്കുന്നത്.
ലണ്ടന്‍; 2009 ന് ശേഷം ജനിച്ചവര്‍ക്ക് യുകെയില്‍ ഇനി പുകവലിക്കാനാകില്ല. ‘പുതിയ പുകവലിരഹിത തലമുറ’ എന്ന കാഴ്ച്ചപ്പാടോടെയാണ് യുകെയില്‍ ഇത്തരമൊരു നിയമം വരാനിരിക്കുന്നത്. ചൊവ്വാഴ്ച ഇത് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പൊതുജനാരോഗ്യത്തില്‍ പ്രത്യേകിച്ച് പുതുതലമുറയെ ലഹരിയില്‍ നിന്ന് രക്ഷിക്കാനാണ് ഇത്തരമൊരു നിയമം വരുന്നതെന്നാണ് അധികൃതരുടെ അഭിപ്രായം. യുകെയിലെ ടുബാക്കോ ആന്‍ഡ് വേപ്‌സ് ബില്‍ ആണ് 2009 ജനുവരി 1 ന് ശേഷം ജനിച്ച ആരെയും നിയമപരമായി പുകവലിക്കുന്നതില്‍ നിന്ന് തടയുന്നത്.
കുട്ടികള്‍ക്കും യുവാക്കള്‍ക്കും സിഗരറ്റിനോടുള്ള ആകര്‍ഷണം കുറയ്ക്കുന്നതിന് ഇ-സിഗരറ്റുകളുടെ രുചികള്‍, ഡിസ്പ്ലേകള്‍, പാക്കേജിംഗ് എന്നിവ നിയന്ത്രിക്കുന്നതിനൊപ്പം വാപ്പ് പരസ്യത്തിനും സ്‌പോണ്‍സര്‍ഷിപ്പിനും നിയന്ത്രണങ്ങളും ബില്‍ അവതരിപ്പിക്കും. അടുത്ത വര്‍ഷം പ്രത്യേക നിയമനിര്‍മ്മാണത്തിന് കീഴില്‍ ഡിസ്‌പോസിബിള്‍ വേപ്പുകള്‍ നിരോധിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.2006-ല്‍ സ്‌കോട്ട്‌ലന്‍ഡില്‍ സമാനമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് 2007-ല്‍ ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവ അടച്ചിട്ട പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും പുകവലി നിരോധിച്ചു.