കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തന്റെ ഭാഗത്ത് തെറ്റുണ്ട്. തെറ്റ് സമ്മതിച്ച് പിപി ദിവ്യ. ഇന്ന് ജാമ്യാപേക്ഷയ്ക്ക് വേണ്ടി കോടതിയിൽ ദിവ്യക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഇക്കാര്യം ഉന്നയിച്ചത്. ആത്മഹത്യയിലേക്ക് നയിക്കുമെന്ന് കരുതിയല്ല താൻ അങ്ങനെ പ്രസംഗിച്ചതെന്നതാണ് ദിവ്യയുടെ പക്ഷം. അതേ സമയം കൈക്കൂലി ആരോപണം ശരിവയ്ക്കുന്ന രീതിയിൽ തന്നെയാണ് പ്രതിഭാഗം വാദമുന്നയിച്ചത്.
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വാദം കേട്ടത്. ജാമ്യ ഹർജിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം കക്ഷി ചേരാൻ അപേക്ഷ നൽകിയിരുന്നു. രാവിലെ 11 മണിയോടെയാണ് ഹർജി പരിഗണിച്ചത്.
എഡിഎമ്മിനെ അപമാനിക്കാൻ ദിവ്യ ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആസൂത്രിതമായാണ് ദിവ്യ ക്ഷണിക്കാത്ത പരിപാടിയിലെത്തിയതെന്നും ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
അതേ സമയം നവീൻബാബു തെറ്റുപറ്റിയെന്ന് പറഞ്ഞെന്നുള്ള കളക്ടർ അരുൺ കെ. വിജയന്റെ മൊഴിയിൽ കേന്ദ്രീകരിച്ചായിരുന്നു ദിവ്യക്കുവേണ്ടിയുള്ള വാദം. എന്നാൽ കളക്ടറുടെ മൊഴിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. നവീൻ ബാബുവുമായി ഒരു മാനസിക ബന്ധവും ഇല്ലാതിരുന്ന ആളാണ് കളക്ടറെന്നും, ആത്മഹത്യയിൽ കളക്ടർക്കും പങ്കുണ്ടെന്നുമായിരിന്നു കുടുംബത്തിന്റെ ആരോപണം. നവീൻ ബാബുവിന് സ്വദേശത്തേക്ക് സ്ഥലം മാറ്റം ലഭിച്ചിട്ടും കളക്ടർ മനഃപൂർവ്വം തടഞ്ഞു വച്ചിരുന്നതായും കുടുംബം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് നവീൻ ബാബുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ കുടുംബം കളക്ടറെ അനുവദിച്ചിരുന്നില്ല.